ഭൂമി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ പ്രോട്ടോക്കോളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറും ഡിസംബർ പത്തിനകം തയാറാക്കാൻ കോടതി നിർദേശിച്ചു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘വൺ എർത്ത് വൺ ലൈഫ്’, ‘പരിസ്ഥിതി സംരക്ഷണ സമിതി’ തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ് അധ്യക്ഷനായ ഈ ടാസ്‌ക് ഫോഴ്‌സിൽ, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ പോലീസ് സൂപ്രണ്ട് എസ്. ഷംസുദ്ദീൻ, കൊല്ലം ഡെപ്യൂട്ടി കളക്ടർ (റവന്യൂ റിക്കവറി) സനൂപ് എസ്, കോട്ടയം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ) ജോൺ മാത്യു, ദേവികുളം സർവേ സൂപ്രണ്ട് എ.കെ. മനോജ് എന്നിവർ അംഗങ്ങളായിരിക്കും.
വില്ലേജ്, റവന്യൂ, രജിസ്ട്രേഷൻ ഓഫീസുകളിൽ കൃത്യമായ രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നില്ലെന്നും പട്ടയങ്ങൾ, രജിസ്ട്രി മാറ്റങ്ങൾ, ഭൂമി കൈമാറ്റം എന്നിവ കൈകാര്യം ചെയ്യുമ്പോൾ നിശ്ചിത നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും വ്യാപകമായ പരാതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിവിധ സമിതികളുടെ ശിപാർശകൾ പഠിച്ച ശേഷം വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ ഓഫീസുകളിലെ രജിസ്റ്ററുകൾക്കും രേഖകൾക്കും പ്രത്യേക ഊന്നൽ നൽകി പ്രോട്ടോക്കോൾ തയാറാക്കാൻ ടാസ്‌ക് ഫോഴ്‌സിനോട് ആവശ്യപ്പെട്ടു.
നിലവിലുള്ള രേഖകൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നടപടികളും ഇവർക്ക് ശിപാർശ ചെയ്യാവുന്നതാണ്. മോണിറ്ററിങ് കമ്മിറ്റി, പ്രത്യേക അന്വേഷണ സംഘം, ഡിജിറ്റൽ സർവേ ടീം എന്നിവ ഒഴികെ നേരത്തേ രൂപീകരിച്ചിരുന്ന മറ്റ് സമിതികളെല്ലാം അപ്രസക്തമായെന്ന് കോടതി വ്യക്തമാക്കി. ഭാവിയിൽ മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതലകൾ ഈ ടാസ്‌ക് ഫോഴ്‌സ് ഏറ്റെടുത്തേക്കാമെന്നും കോടതി സൂചിപ്പിച്ചു.
പ്രോട്ടോക്കോൾ തയാറാക്കുന്ന വേളയിൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾക്ക് മറ്റ് ഔദ്യോഗിക ചുമതലകൾ നൽകരുതെന്നും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥരെയും യാത്രാ സൗകര്യങ്ങളും സർക്കാർ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. കേസ് 12ന് വീണ്ടും പരിഗണിക്കും.
മൂന്നാർ മേഖലയിലെ തർക്കഭൂമികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനും ഡിജിറ്റൽ സർവേയ്‌ക്കും മേൽനോട്ടം വഹിക്കുന്നതിനായി ഹൈക്കോടതി അഞ്ചംഗ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
Advertisement
Advertisement
Advertisement