breaking news New

ശോഭന ജോർജിന്റെ വാദങ്ങളെല്ലാം പൊളിയുന്നു : ബോർഡ് അംഗങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഗെസ്റ്റ് ഹൗസിൽ താമസിച്ചത് ശോഭന ജോർജ് മാത്രം; ഔഷധിയിലെ ക്രമക്കേട് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ !!

കണ്ണൂർ : കെട്ടിടത്തിന്റെ വാടക, ഫർണിച്ചർ, വൈദ്യുതി ചാർജ് എന്നിവയ്‌ക്കായി ഔഷധി ചെലവഴിച്ചത് കാൽക്കോടിയോളം രൂപയാണെന്നാണ് വിവരം. ഇതുസംബന്ധിച്ച ബില്ലുകൾ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഗെസ്റ്റ് ഹൗസ് ഉപയോഗിക്കുന്നവർ സർക്കാർ നിശ്ചയിച്ച നിരക്കിൽ താമസച്ചെലവ് നൽകണമെന്ന ഉത്തരവുണ്ടായിരുന്നെങ്കിലും ശോഭന ജോർജ് സൗജന്യമായാണ് ഇവിടെ താമസിച്ചതെന്നാണ് കണ്ടെത്തൽ. ഔഷധിയുടെ ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാനെത്തുന്ന അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കുകയായിരുന്നു കെട്ടിടം വാടകയ്‌ക്കെടുത്തതിന്റെ ലക്ഷ്യം. എന്നാൽ സമീപത്ത് രാമനിലയം ഗെസ്റ്റ് ഹൗസ് ഉണ്ടായിരിക്കെയാണ് ഔഷധി ചെയർപഴ്സനു മാത്രമായി മറ്റൊരു കെട്ടിടം വാടകയ്‌ക്കെടുത്തത്.

രേഖകൾ പ്രകാരം ശോഭന ജോർജ് 372 ദിവസമാണ് പൂങ്കുന്നത്തെ ഗെസ്റ്റ് ഹൗസിൽ താമസിച്ചത്. സർക്കാർ നോമിനികളായി ബോർഡിലെത്തിയ ധനവകുപ്പ് അഡീഷനൽ സെക്രട്ടറി ബി.എസ്. പ്രീത, സംസ്ഥാന ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ എന്നിവർ മാത്രമാണ് മൂന്ന് ദിവസം ഇവിടെ താമസിച്ച മറ്റ് ബോർഡ് അംഗങ്ങൾ.

അതേസമയം, ബോർഡ് അംഗങ്ങളായ കെ. പത്മനാഭനും കുര്യാക്കോസ് പ്ലാപ്പറമ്പിലും യോഗങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോൾ ഹോട്ടലുകളിലായിരുന്നു താമസം. ഇവരുടെ ഹോട്ടൽ താമസത്തിനായി 1.36 ലക്ഷം രൂപ ചെലവായതായും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പൂങ്കുന്നത്തെ ഗെസ്റ്റ് ഹൗസ് പ്രവർത്തിക്കുന്നില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4