തിരുവനന്തപുരം :
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സർക്കാർ ആഘോഷങ്ങൾക്കും പരസ്യങ്ങൾക്കുമായി കോടികൾ ചെലവഴിക്കുന്നത്.
ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഖജനാവിൽ ക്ഷേമപെൻഷനുകളും വിവിധ കുടിശ്ശികകളും സമയബന്ധിതമായി വിതരണം ചെയ്യാൻ ആവശ്യമായ തുകയില്ലാത്ത അവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും മുൻ സർക്കാരുകളുടെ ചെലവിടൽ രീതിയിൽ നിന്ന് വ്യത്യസ്തമല്ലാത്ത സമീപനമാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും ഉയരുന്നു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ക്ഷേമപദ്ധതികൾക്കും പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ആഘോഷങ്ങൾക്കും പരസ്യപ്രചാരണങ്ങൾക്കുമായി കോടികൾ ചെലവഴിക്കുന്നത് സർക്കാരിന്റെ സാമ്പത്തിക മുൻഗണനകളെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു.
മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കിഫ്ബി വഴി വലിയ കടമെടുപ്പ് നടത്തി സംസ്ഥാനത്തെ കടക്കെണിയിലാക്കി എന്നതായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം. സാമ്പത്തിക ക്രമക്കേടുകളും ധൂര്‍ത്തും അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തില്‍ വന്നതോടെ ചെലവ് ചുരുക്കല്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്.
കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഫെസ്റ്റിവല്‍ ഓഫ് കേരളം' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ട് ദേശീയ മാധ്യമങ്ങളില്‍ മാത്രം പരസ്യം നല്കാന് നീക്കിവെച്ചിരിക്കുന്നത് 6.05 കോടി രൂപയാണ്. ജി.എസ്.ടി ഉള്‍പ്പെടെ 6,05,12,594 രൂപയുടെ തുകയ്ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ദേശീയ മാധ്യമങ്ങളിലെ ഒരു ദിവസത്തെ പരസ്യത്തിന് നല്കുന്ന തുക ഞെട്ടിക്കുന്നതാണ്. ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക് ടൈംസിലും എല്ലാ എഡിഷനുകളിലുമായി പരസ്യം നല്കാന് 3.18 കോടി രൂപ ചെലവാക്കുന്നു. ദി ഹിന്ദു ഗ്രൂപ്പിന് 1.25 കോടി രൂപയും നല്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്സുമാണ് ഇതിന്റെ ചുമതലക്കാര്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. പരസ്യങ്ങള്‍ മലയാള പത്രങ്ങളില്‍ എത്തുകയും ചെയ്തു.
ദേശീയ മാധ്യമങ്ങള്‍ക്ക് പുറമെ മലയാളത്തിലെ മുന്‍നിര പത്രങ്ങളിലെല്ലാം മുന്‍പേജുകളില്‍ കോടികള്‍ ചെലവിട്ട് ഫുള്‍പേജ് പരസ്യങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇതിന് പുറമെ ദൃശ്യമാധ്യമങ്ങള്‍ക്കും വരുംദിവസങ്ങളില്‍ വന്‍തുകയുടെ പരസ്യങ്ങള്‍ നല്‍കും. ചുരുക്കത്തില്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വീണ്ടും ഒരു പരസ്യോത്സവ കാലം വരുകയാണ്. എന്നാല്‍ ഇതിന്റെ മുഴുവന്‍ ഭാരവും താങ്ങേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സമയത്ത് ഇത്തരത്തില്‍ കോടികള്‍ പരസ്യങ്ങള്‍ക്കായി ഒഴുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന് പുറത്ത് പരസ്യം നല്‍കുന്നത് വഴി വിനോദസഞ്ചാരത്തിനും നിക്ഷേപങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചേക്കാം. എന്നാല്‍ അടിസ്ഥാന സാമ്പത്തിക ഭദ്രത തകര്‍ന്നുനില്‍ക്കുമ്പോള്‍ ഇത്തരം വലിയ തുകകള്‍ എക്സിബിഷനുകള്‍ക്കും പരസ്യങ്ങള്‍ക്കുമായി മാറ്റിവെക്കുന്നത് ശരിയായ മുന്‍ഗണനയല്ല.
സര്‍ക്കാര്‍ മാറുമ്പോഴും ധൂര്‍ത്തിന്റെ ശീലങ്ങള്‍ മാറുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. കടമെടുപ്പ് പരിധി കുറഞ്ഞതും നികുതി പിരിവിലെ മന്ദതയും കാരണം സംസ്ഥാനം ശ്വാസം മുട്ടുമ്പോള്‍, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? പിആര്‍ ഏജന്‍സികളെയും മാധ്യമങ്ങളെയും പ്രീതിപ്പെടുത്തുന്നതിന് പകരം സാധാരണക്കാരുടെ ആശ്വാസ നടപടികള്‍ക്കാണ് ഈ പണം ഉപയോഗിക്കേണ്ടത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഘോഷങ്ങൾക്കും പരസ്യങ്ങൾക്കും കോടികൾ ഒഴുക്കി സർക്കാർ !!
Advertisement
Advertisement
Advertisement