breaking news New

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ നടപടികൾക്ക് തുടക്കമായി ...

പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സമിതി രൂപീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സെപ്റ്റംബർ 24ന് പുറപ്പെടുവിച്ചിട്ടുണ്ട്.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അംഗമായ പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ ഇൻഷുറൻസ് മേഖലയിലെ വിദഗ്ധർ.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളായിരിക്കും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം സമർപ്പിക്കാനാണ് സമിതിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.

2026–27ലെ സംസ്ഥാന ബജറ്റിൽ സാർവത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സാങ്കേതിക സമിതി പരിശോധിക്കും.

സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങൾക്ക് വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനൽമെന്റ്, ക്ലെയിം മാനേജ്മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാരം തുടങ്ങിയ വിഷയങ്ങളും സമിതി വിശദമായി പരിശോധിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ‘ഇന്ദിരാഗ്യാരന്റി’യിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മറ്റൊന്ന് കൂടി സർക്കാർ യാഥാർഥ്യമാക്കുകയാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4