breaking news New

ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം ; നിലപാട് സുപ്രീംകോടതിയെ അറിയിക്കും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിര്‍ബന്ധിച്ച് കേരള ബാങ്കില്‍ ലയിപ്പിച്ചത് ചോദ്യം ചെയ്തുള്ള കേസില്‍, മുന്‍ സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നീക്കം.

മുന്‍പ് കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കുമെന്നും ജില്ലാ ബാങ്കുകള്‍ പുനസ്ഥാപിക്കുന്ന രീതിയില്‍ പുതിയ നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. കേരള ബാങ്ക് രൂപവത്കരണത്തിന്റെ ഭാഗമായി ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ മുന്‍ ഇടതുസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ലയനത്തിന് ബാങ്ക് പൊതുയോഗത്തിന്റെ ഭൂരിപക്ഷ അനുമതി വേണമെന്ന നിബന്ധന ഉയര്‍ന്നപ്പോള്‍, യു.ഡി.എഫ് ഭരണത്തിലായിരുന്ന മലപ്പുറം ജില്ലാ ബാങ്ക് ലയനത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ബന്ധിത ലയനം നടത്താന്‍ അധികാരം നല്‍കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയും മലപ്പുറം ബാങ്കിനെ ലയിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഈ ലയന നടപടികള്‍ക്കെതിരെ റിസര്‍വ് ബാങ്കും രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ പാലിച്ചാണ് ആര്‍.ബി.ഐ ലൈസന്‍സ് അനുവദിക്കുന്നതെന്നും, മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനം ബി.ആര്‍ നിയമത്തിലെ വകുപ്പുകള്‍ക്ക് അനുസൃതമായിരിക്കണമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സഹകരണ സംഘം നിയമത്തില്‍ വരുത്തിയ ഭേദഗതി ഡി.ഐ.സി.ജി.സി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നുണ്ട്.

നിലവിലെ കേസ് മലപ്പുറം ജില്ലാ ബാങ്കുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിലും, ജില്ലാ ബാങ്കുകള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം കേരള ബാങ്കിന്റെ ഭാവിക്ക് നിര്‍ണായകമായി മാറും. ഇതോടെ കേരള ബാങ്ക് പഴയപടിയുള്ള സംസ്ഥാന സഹകരണ ബാങ്ക് മാത്രമായി മാറാനാണ് സാധ്യത കാണുന്നത്. നിലവില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള കേരള ബാങ്കിന്റെ ഭരണസമിതി മാറ്റുന്നതിനായുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഉടന്‍ കടക്കുമോ എന്ന ചര്‍ച്ചകളും ശക്തമാകുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4