breaking news New

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്ക് സന്തോഷവാർത്ത ; 41.64 കോടി ചെലവിട്ട് 35,291 സ്മാർട്ട്ഫോണുകൾ വാങ്ങുന്നു : ഭരണാനുമതി നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തകർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും ഇനി ഡിജിറ്റൽ കരുത്ത്. അങ്കണവാടി പ്രവർത്തകർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർക്കായി 35,291 സ്മാർട്ട്ഫോണുകൾ വാങ്ങി വിതരണം ചെയ്യാൻ വനിതാ ശിശുവികസന വകുപ്പ് ഭരണാനുമതി നൽകി.

ഇതിനായി 41.64 കോടി രൂപ ചെലവഴിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് നവംബർ 18-നാണ് പുറത്തിറങ്ങിയത്. കേന്ദ്ര സർക്കാരിന്റെ 'മിഷൻ സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0' പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നത്.

അങ്കണവാടികളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും കുട്ടികളുടെ വളർച്ചയും പോഷകാഹാര നിലവാരവും ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലെ വിവരങ്ങൾ രേഖപ്പെടുത്തൽ, സേവനങ്ങളുടെ തത്സമയ നിരീക്ഷണം, കുട്ടികളുടെ വളർച്ചാ വിവരങ്ങൾ സൂക്ഷിക്കൽ തുടങ്ങിയവ പുതിയ ഫോണുകളിലൂടെ എളുപ്പമാകും.

ആർക്കൊക്കെ എത്ര ഫോണുകൾ?

* അങ്കണവാടി പ്രവർത്തകർ – 33,120

* ഐ.സി.ഡി.എസ് ലേഡി സൂപ്പർവൈസർമാർ – 1,327

* ബ്ലോക്ക് കോർഡിനേറ്റർമാർ – 152

* ബഫർ സ്റ്റോക്ക് – 692

ആകെ 35,291 സ്മാർട്ട്ഫോണുകൾ

നികുതി ഉൾപ്പെടെ ഒരു ഫോണിന് പരമാവധി 11,800 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അടിസ്ഥാന വില 10,000 രൂപയും ജി.എസ്.ടി.യും ഉൾപ്പെടെയാണിത്.

പദ്ധതിയുടെ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ വഹിക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ച് ജെം (GeM) പോർട്ടൽ വഴി അടിയന്തരമായി ഫോണുകൾ വാങ്ങി വിതരണം ചെയ്യാൻ വകുപ്പ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4