കോൺഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് പോര് പരസ്യചർച്ചയാകുന്നതിനിടെ യുഡിഎഫിന് മുന്നറിയിപ്പുമായി ജി. സുധാകരൻ. പഴയ യുഡിഎഫ് ശൈലിയിലേക്ക് മുന്നണി തിരിച്ചുപോകരുതെന്നും അതിനല്ല ജനങ്ങൾ വോട്ട് നൽകിയതെന്നും അദ്ദേഹം തുറന്നടിച്ചു. മുഖം നന്നായാൽ മാത്രം പോരെന്നും ഉള്ളും നന്നാകണമെന്നും സുധാകരൻ പറഞ്ഞു.
പഴയ ഗ്രൂപ്പ് രാഷ്ട്രീയത്തോട് ജനങ്ങൾക്ക് താൽപര്യമില്ല. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയാണ് പ്രധാനം. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തിൽ തിരിച്ചെത്താനാകില്ലെന്നും യുഡിഎഫിന് മുന്നിൽ വലിയ അവസരമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.സിയും രമേശ് ചെന്നിത്തലയും കഴിവുള്ള നേതാക്കളാണെന്ന് വിശേഷിപ്പിച്ച സുധാകരൻ, മികച്ച രീതിയിൽ ഭരണം നടത്തിയാൽ യുഡിഎഫിന് വീണ്ടും അധികാരത്തിലെത്താനാകുമെന്നും അങ്ങനെ വന്നാൽ ഇരുവർക്കും മുഖ്യമന്ത്രിയാകാനുള്ള അവസരമുണ്ടാകുമെന്നും പറഞ്ഞു.
സിപിഎമ്മിലെ ജയരാജന്മാർ തമ്മിലുള്ള തർക്കങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ ആഭ്യന്തര സാഹചര്യം ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേയെന്നും ഇത്തരം സാഹചര്യങ്ങൾ കണ്ടാണ് താൻ പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ തിരുത്തൽ വരുത്താൻ ആരാണുള്ളതെന്നും നിയന്ത്രിക്കാൻ ആരാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത് പിആർ പ്രവർത്തനങ്ങളാണെന്നും സുധാകരൻ ആരോപിച്ചു. തന്നെ പിണറായി വിജയൻ ആക്ഷേപിച്ചെന്നും അതിന്റെ ഫലം അദ്ദേഹത്തിന് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
“പഴയ ഗ്രൂപ്പ് കളികൾ വേണ്ട, അതിനല്ല ജനം വോട്ട് ചെയ്തത്” ; കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. സുധാകരൻ : കെ.സിക്കും ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാമെന്നും പരാമർശം
Advertisement
Advertisement
Advertisement