breaking news New

വീണാ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ

താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണവുമായി വീണാ വിജയൻ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും പൂർണമായി സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. വീണ തന്റെ മകളായതിന്റെ പേരിലാണ് വിഷയത്തിൽ അസാധാരണമായ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വീണ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും അന്വേഷണത്തിൽ പരാമർശിക്കപ്പെടുന്ന തുക വളരെ വലുതല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഇഡി വാർത്താക്കുറിപ്പുകൾ പുറത്തിറക്കാറില്ലെന്നും ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിവരങ്ങൾ പ്രസിദ്ധീകരിക്കാറുള്ളതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ കേസിൽ മാത്രം പ്രത്യേകമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയതിന്റെ ആവശ്യകതയും ചോദ്യം ചെയ്തു.

ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ‘പി. വിജയൻ’ എന്നും ‘മുൻ മുഖ്യമന്ത്രി’ എന്നും പരാമർശിച്ചതിന്റെ ഉദ്ദേശ്യവും പിണറായി ചോദ്യം ചെയ്തു. തനിക്കെതിരെ ചില മാധ്യമങ്ങൾ തെളിവില്ലാത്ത ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീണയുടെ പണം ഭർത്താവായ മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്ത നൽകിയവർ അതിന് എന്ത് തെളിവാണ് ഉള്ളതെന്നും പിണറായി വിജയൻ ചോദിച്ചു. പിണറായി വിജയനെതിരെ എന്തും ആരോപിക്കാമെന്ന നിലപാടാണോ ചിലർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇഡിയുടെ നടപടികളിൽ അസാധാരണത്വവും വിചിത്രതയും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ അന്വേഷണ ഏജൻസികൾ നിരന്തരം പിന്തുടരുകയാണെന്നും പറഞ്ഞ പിണറായി, “ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായി തന്നെ തുടരും” എന്നും വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4