breaking news New

വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നതിന് ചെലവാകുന്ന ഭീമമായ തുകയുടെ പകുതിയോളം ചെലവിൽ ഇന്ത്യയിൽ നിന്നുതന്നെ അന്താരാഷ്ട്ര ബിരുദം നേടാൻ അവസരം ഒരുങ്ങുന്നു : വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് ...

ന്യൂഡൽഹി: ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി 17 വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് ക്യാമ്പസുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സർവകലാശാലകൾക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ലെറ്റർ ഓഫ് ഇന്റന്റ് (LoI) കൈമാറിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പങ്കെടുത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

നിലവിൽ 21 വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ രീതികളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സതാംപ്ടൺ സർവകലാശാല, ലിവർപൂൾ സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല, ഡീക്കിൻ സർവകലാശാല, ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഈ പട്ടികയിലുണ്ട്.

ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി, ഗ്രേറ്റർ നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ബിസിനസ് മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ ആധുനിക വിഷയങ്ങൾക്കാണ് പ്രധാന പരിഗണന.

വിദേശത്ത് പോയി പഠിക്കുന്നതിനുള്ള ഉയർന്ന ചെലവ് ഒഴിവാക്കി താരതമ്യേന കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദം നേടാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. വിദേശത്തെ ഉയർന്ന ജീവിതച്ചെലവും വിസ സംബന്ധമായ നിയന്ത്രണങ്ങളും നേരിടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ നീക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനൊപ്പം ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രാജ്യാന്തര സാന്നിധ്യവും കേന്ദ്ര സർക്കാർ വിപുലീകരിക്കുന്നുണ്ട്. ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐഎം അഹമ്മദാബാദ് എന്നിവയുടെ വിദേശ ക്യാമ്പസുകൾ യഥാക്രമം സാൻസിബാർ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഇതിനുപുറമെ, 26 വിദേശ രാജ്യങ്ങളിലായി 268 സിബിഎസ്ഇ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ദുബായിൽ പ്രാദേശിക ഓഫീസ് ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തുന്നതിനും രാജ്യാന്തര നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ രാജ്യത്തിനകത്ത് തന്നെ ലഭ്യമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4