breaking news New

ഭക്ഷ്യസുരക്ഷയില്‍ ഒന്നാമതെന്ന് അഭിമാനം കൊള്ളുന്ന കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പരിശോധനക്ക് ആളില്ല : നിയമനം നടത്താത്തതു പ്രധാന കാരണം !!

കേരളത്തില്‍ വിളമ്പുന്ന ഭക്ഷ്യവസ്തുക്കളുടെ അവസ്ഥ പരിതാപകരമാണ്. സംസ്ഥാനത്ത് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, തെരുവ് ഭക്ഷണശാലകള്‍ തുടങ്ങിയവ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് ഭക്ഷ്യവിഷബാധകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ ആനുപാതികമായ അംഗബലമില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം. ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം. ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്ക് അയക്കുന്നതും, കോടതി വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം ഈ ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിക്കുമ്പോഴും പുതിയ നിയമനങ്ങളില്ല. ഭക്ഷണശാലകളില്‍ പരിശോധനകളും തുടര്‍നടപടികളും ശരിയായ രീതിയില്‍ നടക്കുന്നില്ല.

ഭക്ഷ്യസുരക്ഷാ വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ 152 പേര്‍ നിയമനത്തിന് കാത്തിരിക്കുകയാണ്. ഒഴിവുകള്‍ ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ കഴിഞ്ഞ മേയില്‍ കത്ത് അയച്ചിരുന്നു. 1000 ലൈസന്‍സുള്ള ഭക്ഷ്യോത്പാദന വിതരണ കേന്ദ്രങ്ങളില്‍ ഒരു സേഫ്റ്റി ഓഫീസര്‍ എന്ന നിരക്കിലെങ്കിലും നിയമനം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതോ ലൈസന്‍സ് നേടിയിട്ടുള്ളതോ ആയ അഞ്ച് ലക്ഷത്തോളം ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 140 സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്ന് ശേഖരിച്ച സ്ഥിതിവിവരങ്ങള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനകളുടെ എണ്ണം 73,571 ആണ്. 2011ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര ലൈസന്‍സ് നേടിയിട്ടുള്ള സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ഇതനുസരിച്ച് 5 ലക്ഷം സ്ഥാപനങ്ങളിലായി കുറഞ്ഞത് 5 ലക്ഷം പരിശോധനകള്‍ പ്രതിവര്‍ഷം നടക്കണം. ഈ സ്ഥാനത്താണ് കേവലം 73,574 പരിശോധനകള്‍ മാത്രം നടത്തുന്നത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പരിശോധനകളുടെ എണ്ണം മാനദണ്ഡമാക്കിയാല്‍ പോലും അതിന്റെ 14.7 ശതമാനം പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ബോധ്യപ്പെട്ടാല്‍ അത് പരിഹരിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തണം. ഇതിന് തുടര്‍ പരിശോധനകള്‍ സമയബന്ധിതമായി നടക്കണം. എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലവിലെ ആള്‍ബലം ഇതിന് പര്യാപ്തമല്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t