breaking news New

₹250 പിഴ അടയ്ക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 1.73 ലക്ഷം രൂപ ! വ്യാജ ചലാൻ തട്ടിപ്പ് വ്യാപകം ; ലൈസൻസ് സസ്പെൻഷൻ ഭീഷണിയിൽ വീഴരുത്

വാഹനത്തിന് ട്രാഫിക് ചലാനുണ്ടെന്ന പേരിൽ വാട്‌സാപ്പിലും എസ്.എം.എസിലും എത്തുന്ന സന്ദേശങ്ങൾ സൂക്ഷിക്കുക. പിഴ ഉടൻ അടച്ചില്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന ഭീഷണിയുമായി എത്തുന്ന വ്യാജ സന്ദേശങ്ങൾ വഴി ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുന്ന സൈബർ തട്ടിപ്പുസംഘങ്ങൾ സജീവം. ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടിലെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്തിടെ 250 രൂപയുടെ ചലാൻ അടയ്ക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകയുടെ ഭർത്താവിന് നഷ്ടമായത് 1.73 ലക്ഷം രൂപയാണ്. വ്യാജ ചലാൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾ അതീവ ജാഗ്രത പാലിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് മുന്നറിയിപ്പ് നൽകി.

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ അജ്ഞാത നമ്പറുകളിൽ നിന്നാണ് തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നത്. കാർ ഇൻഫോ, വെഹിക്കിൾ ഇൻഫോ തുടങ്ങിയ പേരുകൾ ഉപയോഗിച്ചും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. പിഴ അടച്ചില്ലെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചാണ് വാഹന ഉടമകളെ ഭയപ്പെടുത്തുന്നത്.

സന്ദേശത്തിനൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യാജ വെബ്‌സൈറ്റിലേക്ക് എത്തിക്കുകയും എ.പി.കെ (APK) ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരം ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ബാങ്കിങ് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കാൻ സംഘങ്ങൾക്ക് സാധിക്കും.

പരിവാഹൻ വെബ്‌സൈറ്റിനോട് സാമ്യമുള്ള പേരുകളിലാണ് പല വ്യാജ സൈറ്റുകളും പ്രവർത്തിക്കുന്നത്. 'pari.com', 'chalan' തുടങ്ങിയ പേരുകളിലുള്ള വ്യാജ ലിങ്കുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേരിലും അക്ഷരങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് തട്ടിപ്പുകാർ വിശ്വാസം നേടുന്നത്.

വാഹന ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾക്ക് എവിടെനിന്ന് ലഭിക്കുന്നുവെന്നതും അന്വേഷിക്കേണ്ടതുണ്ട്. വാഹന വിൽപ്പന കേന്ദ്രങ്ങൾ, വർക്ക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽനിന്ന് വിവരങ്ങൾ ചോരുന്നുണ്ടോയെന്നും പരിശോധിക്കണം. എന്നാൽ പരിവാഹന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് ബിജു ഐസക്കിന്റെ വിശദീകരണം.

ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യുമെന്ന ഭീഷണി വ്യാജം

ഒരു ദിവസം പിഴ അടയ്ക്കാൻ വൈകിയെന്ന കാരണത്താൽ ഉടൻ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ വാഹനം റദ്ദാക്കുകയോ ചെയ്യുന്ന നടപടിയില്ലെന്ന് ആർ.ടി.ഒ വ്യക്തമാക്കി. അതിനാൽ ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകരുത്.

ചലാൻ നിലവിലുണ്ടോയെന്ന് ഔദ്യോഗിക പരിവാഹൻ വെബ്‌സൈറ്റ് വഴി പരിശോധിക്കണം. മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ ചലാനാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പണം അടയ്ക്കുക. വാട്‌സാപ്പ് ലിങ്കുകൾ വഴി പണമടയ്ക്കരുതെന്നും അപരിചിതമായ APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പണം നഷ്ടമായാൽ ഉടൻ പരാതി നൽകണം

വ്യാജ ചലാൻ വഴി പണം നഷ്ടപ്പെട്ടാൽ ഉടൻ പൊലീസിലോ സൈബർ പൊലീസിലോ പരാതി നൽകണം. വൈകാതെ നടപടി സ്വീകരിക്കുന്നത് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള സാധ്യത വർധിപ്പിക്കും.

ചലാൻ പിഴയിൽ 50 ശതമാനം ഇളവും

മാർച്ച് 31 വരെയുള്ള നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കുന്ന ആംനസ്റ്റി പദ്ധതിയും നിലവിലുണ്ട്. വെർച്വൽ കോടതിയിലേക്ക് കൈമാറിയ കേസുകൾക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ വെർച്വൽ കോടതിയിൽനിന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (CJM) കോടതിയിലേക്ക് കൈമാറിയ കേസുകൾക്ക് ഇളവ് ലഭിക്കില്ല.

മദ്യപിച്ച് വാഹനമോടിക്കൽ, റെഡ് സിഗ്നൽ ലംഘനം, ലൈൻ ട്രാഫിക് ലംഘനം തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളും ആംനസ്റ്റി ഇളവിന്റെ പരിധിയിൽ വരില്ല.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4