breaking news New

ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്സിന് ; 52,878 കോടി രൂപയുടെ ഏറ്റെടുക്കൽ : ഓഹരി ഒന്നിന് 81 രൂപ

കനേഡിയൻ കമ്പനിയായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് 52,878 കോടി രൂപയ്ക്ക് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ സ്വന്തമാക്കാനൊരുങ്ങുന്നു.

ശതകോടീശ്വരൻ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള കമ്പനി, സർക്കാരിന്റെ അടിസ്ഥാന വിലയായ 75.99 രൂപ മറികടന്ന് ഓഹരി ഒന്നിന് 81 രൂപ വാഗ്ദാനം ചെയ്താണ് ലേലത്തിൽ വിജയിച്ചത്.

ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഫെയർഫാക്സിന് ലഭിക്കും. അതേസമയം, സർക്കാരിനും എൽഐസിക്കും ചേർന്ന് 34 ശതമാനം ഓഹരി പങ്കാളിത്തം തുടരും.

ബാങ്കിംഗ് മേഖലയ്ക്കപ്പുറം ഇൻഷുറൻസ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളെ കൂടി ഉൾപ്പെടുത്തി ഐഡിബിഐ ബാങ്കിനെ വിപുലമായ സാമ്പത്തിക ശൃംഖലയാക്കി മാറ്റുകയാണ് ഫെയർഫാക്സിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്, ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് എന്നീ സ്ഥാപനങ്ങളെ ബാങ്കുമായി സംയോജിപ്പിക്കാനും പദ്ധതിയുണ്ട്.

ലോകോത്തര നിലവാരമുള്ള മികച്ച ഇന്ത്യൻ ബാങ്കായി മാറാനുള്ള ശേഷി ഐഡിബിഐ ബാങ്കിനുണ്ടെന്ന് ഫെയർഫാക്സ് പ്രസിഡന്റ് പീറ്റർ ക്ലാർക്ക് വ്യക്തമാക്കി.

2017 മെയ് മുതൽ 2021 മാർച്ച് വരെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്ന ഐഡിബിഐ ബാങ്ക് പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 9,000 മുതൽ 10,000 കോടി രൂപ വരെ ലാഭം നേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഓഹരി വിറ്റഴിക്കൽ നടപടികൾ പൂർണമായും സുതാര്യമായാണ് നടന്നതെന്നും നീതി ആയോഗിനോ മുൻ സിഇഒ അമിതാഭ് കാന്തിനോ ഇടപാടിൽ യാതൊരു പങ്കുമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4