കൊച്ചി : ക്രൈസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ആയതുകൊണ്ട് മാത്രം പിതൃസ്വത്തിലെ പിന്തുടർച്ചാവകാശം നഷ്ടപ്പെടില്ലെന്ന് കേരള ഹൈക്കോടതി. മതജീവിതം സ്വീകരിച്ചതോ കുടുംബവീട് വിട്ടുപോയതോ ഒരാളുടെ നിയമപരമായ സ്വത്തവകാശം ഇല്ലാതാക്കാനുള്ള കാരണമാകില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.
കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത കുടുംബഭൂമിയുടെ നഷ്ടപരിഹാരത്തുക പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
പിതാവ് മാണിയുടെ പേരിലുണ്ടായിരുന്ന 3.295 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് ലഭിച്ച 3,74,34,449 രൂപ ആറ് സഹോദരങ്ങൾക്കും തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു കോഴിക്കോട് അഡീഷണൽ ജില്ലാ കോടതിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് താമരശ്ശേരി സ്വദേശി എ.എം. ജോസ് (66) ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സന്യാസജീവിതം സ്വീകരിച്ച് കന്യാസ്ത്രീയായ സഹോദരിക്ക് ലൗകികജീവിതത്തിൽനിന്ന് വിരമിച്ചതിനാൽ പിതൃസ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. മാതാപിതാക്കളുടെ സ്വത്ത് താനാണ് പരിപാലിച്ചതെന്നും കുടുംബവീട് വിട്ടുപോയ സഹോദരങ്ങൾക്ക് ആശ്വാസധനത്തിന് അർഹതയില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും അനന്തരാവകാശ സ്വത്തിൽ പൂർണമായ നിയമപരമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. മതജീവിതം സ്വീകരിച്ചതുകൊണ്ടോ ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചതുകൊണ്ടോ അനന്തരാവകാശമായോ വിൽപ്പത്രം വഴിയോ ലഭിക്കുന്ന സ്വത്ത് നഷ്ടപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളുടെ വീട് വിട്ടുപോയതുകൊണ്ട് മാത്രം കുടുംബസ്വത്തിനോടുള്ള വൈകാരിക ബന്ധം ഇല്ലാതാകില്ലെന്നും കുടുംബസ്വത്ത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വൈകാരിക ആഘാതത്തിനുള്ള ആശ്വാസധനം ഒരാൾക്ക് മാത്രമായി അവകാശപ്പെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കുടുംബസ്വത്ത് നോക്കിനടത്തിയെന്ന കാരണത്താൽ നഷ്ടപരിഹാരത്തുക മുഴുവൻ ഒരാൾക്ക് സ്വന്തമാക്കാനാവില്ലെന്നും എല്ലാ നിയമപരമായ അവകാശികൾക്കും സാമ്പത്തിക ആനുകൂല്യങ്ങളിൽ തുല്യ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഒരു സഹോദരൻ കുടുംബധാരണാപത്രത്തിലൂടെ അവകാശം ഉപേക്ഷിച്ചെന്ന വാദവും കോടതി തള്ളി. സ്ഥാവരസ്വത്തിലെ അവകാശം ഇല്ലാതാക്കുന്ന കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യാത്ത കരാറിന്റെ അടിസ്ഥാനത്തിൽ സ്വത്തവകാശം നഷ്ടപ്പെട്ടതായി കണക്കാക്കാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
1997-ലെ മോളി ജോസഫ് വേഴ്സസ് ജോർജ് സെബാസ്റ്റ്യൻ കേസിലെ സുപ്രീംകോടതി വിധിയും 2017-ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയും കോടതി പരാമർശിച്ചു.
അതേസമയം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എ.എം. ജോസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച അപ്പീൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കന്യാസ്ത്രീയായാലും പുരോഹിതനായാലും പിതൃസ്വത്തിൽ തുല്യാവകാശം ; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി
Advertisement
Advertisement
Advertisement