ബെംഗളൂരു: ഇ20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ അധികമായി എഥനോൾ കലർത്തിയെന്ന് കർണാടക സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 63 സാമ്പിളുകളിൽ ചിലതിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി റിസ്വാൻ അർഷാദ് വെളിപ്പെടുത്തി.
എണ്ണക്കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അംഗീകൃത ലാബുകളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോളിൽ 31.2 ശതമാനവും എച്ച്.പി.സി.എല്ലിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തി. ബി.പി.സി.എൽ, നയാര, ഷെൽ എന്നിവയുടെ സാമ്പിളുകളിൽ യഥാക്രമം 26.5, 26.1, 25.5 ശതമാനം വീതവും എഥനോൾ ഉണ്ടായിരുന്നു. കമ്പനികളുടെ സ്വന്തം ലാബുകളിൽ നടത്തിയ ആദ്യ പരിശോധനാ റിപ്പോർട്ടുകളിൽ അളവ് വ്യക്തമാക്കിയില്ലെന്നും മന്ത്രി ആരോപിച്ചു.
രാജ്യത്തെ 35 കോടിയിലധികം വാഹനങ്ങളിൽ 99 ശതമാനവും 20 ശതമാനത്തിലധികം എഥനോൾ കലർന്ന ഇന്ധനത്തിന് അനുയോജ്യമല്ലെന്നാണ് കർണാടകയുടെ വാദം. 2023ന് ശേഷമാണ് ഇ20 ഇന്ധനത്തിന് അനുയോജ്യമായ വാഹനങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. ഉയർന്ന എഥനോൾ അളവ് റബ്ബർ ഭാഗങ്ങൾ, ഹോസുകൾ, ഗാസ്കറ്റുകൾ, സീലുകൾ എന്നിവയുടെ തേയ്മാനത്തിനും മൈലേജ് കുറയുന്നതിനും കാരണമാകാമെന്നും ചൂണ്ടിക്കാട്ടുന്നു.
മൈലേജ് കുറയുന്നതിലൂടെ മാത്രം ഉപഭോക്താക്കൾക്ക് പ്രതിവർഷം 62,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. അറ്റകുറ്റപ്പണി ചെലവുകൾ കൂടി ഉൾപ്പെടുത്തിയാൽ നഷ്ടം ഒരു ലക്ഷം കോടി രൂപയോളം വരുമെന്നും മന്ത്രി പറഞ്ഞു. പഴയ പെട്രോൾ പൂർണമായും പിൻവലിച്ചതോടെ ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ഇല്ലാതായെന്ന് അദ്ദേഹം ആരോപിച്ചു.
എണ്ണക്കമ്പനികൾക്കെതിരെ കർശന നടപടി, വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ പ്രത്യേക 'ഇ20 സ്പോയിലേജ് ഫണ്ട്', അംഗീകൃത സർവീസ് സെന്ററുകളുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം, പമ്പുകളിൽ പെട്രോളിലെ എഥനോൾ ശതമാനം നിർബന്ധമായും പ്രദർശിപ്പിക്കൽ എന്നിവയാണ് കേന്ദ്രത്തോട് കർണാടക ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. പരിശോധനാ ഫലങ്ങൾ കേന്ദ്രത്തിന് കൈമാറുമെന്നും സംസ്ഥാന വ്യാപക പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇ20 പെട്രോളിനെതിരായ ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളുകയാണ്. എഥനോൾ ഉൽപ്പാദനം കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുമെന്നും ആണ് കേന്ദ്രത്തിന്റെ നിലപാട്. ഇ20ക്കെതിരായ പ്രചാരണങ്ങൾ പണം നൽകി നടത്തുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും വാഹനങ്ങളുടെ തകരാറുകളെക്കുറിച്ചുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും നേരത്തെ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും കേന്ദ്ര നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വണ്ടികളുടെ കാര്യത്തിൽ ഒരു തീരുമാനമായി : ഇ20 പെട്രോളിൽ എഥനോൾ 31.2 ശതമാനം വരെ !! എണ്ണക്കമ്പനികൾക്കെതിരെ നടപടിയും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കർണാടക
Advertisement
Advertisement
Advertisement