breaking news New

E20 പെട്രോൾ വിവാദം : വിമർശകരെ 'പൊട്ടന്മാർ' എന്ന് പരിഹസിച്ച് സുരേഷ് ഗോപി ; പരാതി ലഭിച്ചാൽ സിബിഐ അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി

തൃശൂർ: E20 പെട്രോൾ വിവാദത്തിൽ വിമർശകർക്കെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. E20 പെട്രോളിന്റെ ശാസ്ത്രീയ വശങ്ങൾ അറിയാത്തവരാണ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്നും വിമർശകരെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

"ഈ പൊട്ടന്മാർക്കൊന്നും ഇതിന്റെ സയൻസ് അറിയില്ല. ആരോപണമുന്നയിക്കുന്ന മഹാന്മാർ വലിയ കന്നാസിൽ പെട്രോൾ കൊണ്ടുപോയി മിക്സ് ചെയ്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടോ എന്നറിയില്ല. ഈ വിഷയം അന്വേഷിക്കാൻ സിബിഐ എത്തിയാൽ അടുത്ത പ്രതിഷേധം സിബിഐക്കെതിരെയായിരിക്കും" എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.

E20 പെട്രോളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഇതുവരെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പരാതി ലഭിച്ചാൽ സിബിഐ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടകയിലെ ഏഴ് ജില്ലകളിൽ നടത്തിയ പരിശോധനയിൽ പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർന്നതായി കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിവാദം ശക്തമായത്. കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഉയർന്ന വില നൽകി പെട്രോൾ വാങ്ങുന്ന ജനങ്ങൾക്ക് വാഹനങ്ങളിൽ ലഭിക്കുന്നത് എഥനോൾ കലർന്ന ഇന്ധനമാണെന്നും ഇത്രയധികം എഥനോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ശേഷിയെ ബാധിക്കുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മൈലേജ് കുറയുന്നതും വാഹനങ്ങൾ ഇടയ്ക്കിടെ വർക്ക്‌ഷോപ്പുകളിൽ എത്തിക്കേണ്ടിവരുന്നതും ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

E20 ഇന്ധനത്തിന്റെ ഗുണനിലവാരം, വാഹനങ്ങളുടെ പ്രകടനം, ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്നിവയെച്ചൊല്ലിയുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രതികരണം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4