ചാറ്റ്ബോട്ടിൽ എന്തും ടൈപ്പ് ചെയ്യുന്നത് സുരക്ഷിതമാണെന്ന് കരുതരുത്. പാസ്‌വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് വിവരങ്ങൾ, തിരിച്ചറിയൽ രേഖകളുടെ നമ്പർ, കൃത്യമായ വിലാസം, ആരോഗ്യവിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ എ.ഐ ചാറ്റിൽ നൽകുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിഗത വിവരങ്ങൾ എ.ഐ സംവിധാനങ്ങളിൽ പ്രോസസ് ചെയ്യപ്പെടാനും സൂക്ഷിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും സാധ്യതയുള്ളതിനാൽ സ്വകാര്യതാ നയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് വിവിധ ഡാറ്റ സംരക്ഷണ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.
പ്രത്യേകിച്ച് പാസ്‌വേഡുകൾ, ഒ.ടി.പി, ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ആധാർ പോലുള്ള തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ, കൃത്യമായ ലൊക്കേഷൻ, വ്യക്തിഗത ചിത്രങ്ങൾ, ആരോഗ്യവിവരങ്ങൾ എന്നിവ ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രോംപ്റ്റുകൾ നൽകുമ്പോൾ ശ്രദ്ധിക്കണം. എ.ഐയോട് ചോദിക്കുന്ന ചോദ്യങ്ങളിൽ വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ പരമാവധി ഒഴിവാക്കി ആവശ്യമായ വിവരങ്ങൾ മാത്രം നൽകുന്നതാണ് സുരക്ഷിതമായ സമീപനം. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനും വ്യക്തിഗത വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും അനാവശ്യമായി പങ്കിടരുതെന്ന് ഉപദേശിക്കുന്നു.
ഓഫീസ് രേഖകൾ, ഉപഭോക്താക്കളുടെ വിവരങ്ങൾ, രഹസ്യ കരാറുകൾ, സാമ്പത്തിക രേഖകൾ തുടങ്ങിയവയും ശ്രദ്ധയോടെ കൈകാര്യം വേണം. ഒരു എ.ഐ സേവനത്തിൽ വിവരങ്ങൾ നൽകുന്നതിന് മുമ്പ് ആ സേവനം ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു, എത്രകാലം സൂക്ഷിക്കുന്നു, മറ്റാരുമായി പങ്കിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ സ്വകാര്യതാ നയത്തിൽ പരിശോധിക്കണം. എ.ഐ സംവിധാനങ്ങളിലേക്ക് നൽകുന്ന ഉപയോക്തൃ ചോദ്യങ്ങളിലും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടാമെന്നും അവയുടെ പ്രോസസ്സിംഗിനെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുന്ന അവകാശങ്ങൾ ഉപയോക്താക്കൾക്കുണ്ടെന്നും യുകെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് വ്യക്തമാക്കുന്നു.
എന്ത് വിവരമാണ് നൽകുന്നതെന്ന് ശ്രദ്ധിക്കണമെന്നതാണ് പ്രധാനം. ഒരു രേഖ എ.ഐ ഉപയോഗിച്ച് പരിശോധിക്കേണ്ടി വന്നാൽ വ്യക്തിയെ തിരിച്ചറിയുന്ന വിവരങ്ങൾ നീക്കംചെയ്ത ശേഷം ആവശ്യമായ ഭാഗം മാത്രം നൽകാം. അതുപോലെ എ.ഐയോട് സ്വകാര്യ വിവരങ്ങൾ ചോദിച്ചോ നൽകിയോ കഴിഞ്ഞാൽ ചാറ്റ്, ഡാറ്റ ഉപയോഗം, സംഭരണ ക്രമീകരണങ്ങൾ എന്നിവ പരിശോധിക്കുന്നതും നല്ലതാണ്. എ.ഐ കൂടുതൽ വ്യക്തിപരമായ കാര്യങ്ങൾ മനസ്സിലാക്കുകയും സ്വമേധയാ പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മാറുന്നതിനാൽ, സൗകര്യത്തോടൊപ്പം ഡാറ്റാ സ്വകാര്യതയിലും ശ്രദ്ധ നൽകേണ്ടത് കൂടുതൽ പ്രധാനമാകുകയാണ്.
ചാറ്റ്ബോട്ടിൽ എന്തും ടൈപ്പ് ചെയ്യരുത് ; എ.ഐ ഉപയോഗത്തിൽ ജാഗ്രത വേണം : സ്വകാര്യ വിവരങ്ങൾ ചോർന്നേക്കാം ...!
Advertisement
Advertisement
Advertisement