സി.പി.ഐയുടെ മുൻനിര നേതാക്കളിലൊരാളായിരുന്ന ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ചുവടുമാറാൻ ഒരുങ്ങുന്നതായി സൂചന. ബി.ജെ.പി നേതൃത്വവുമായി അദ്ദേഹം ചർച്ചകൾ നടത്തിയതായാണ് വിവരം. സി.പി.ഐയുമായുള്ള ബന്ധം അകന്നതിനു പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
മുൻ എം.എൽ.എമാരായ കെ. അജിത്തും സി.സി. മുകുന്ദനും രാഷ്ട്രീയ നിലപാട് മാറ്റിയതിന് പിന്നാലെ മറ്റൊരു പ്രമുഖ നേതാവും പാർട്ടി വിടുമെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സി.പി.ഐയുടെ ശക്തമായ മുഖമായിരുന്ന ചെങ്ങറ സുരേന്ദ്രൻ രണ്ടുതവണ ലോക്‌സഭയിലെത്തിയ നേതാവാണ്. 1998ലും 2004ലും അടൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്. 2014ൽ മാവേലിക്കരയിൽ മത്സരിച്ചെങ്കിലും കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.
പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെയാണ് സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായത്. ഗുരുവായൂർ ദേവസ്വം ബോർഡ് സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2025 മാർച്ചിൽ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലായിരുന്നു നടപടി സ്വീകരിച്ചത്.
ഒരു വർഷത്തെ സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും പാർട്ടിയിലേക്കുള്ള തിരിച്ചുവരവിന് വ്യക്തത ലഭിക്കാത്തതാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ബി.ജെ.പിയുമായുള്ള ചർച്ചകൾ യാഥാർഥ്യമായാൽ സംസ്ഥാനത്തെ സി.പി.ഐ രാഷ്ട്രീയത്തിൽ മറ്റൊരു ശ്രദ്ധേയമായ മാറ്റത്തിനാകും അത് വഴിയൊരുക്കുക.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സി.പി.ഐയിൽ നിന്ന് ബി.ജെ.പിയിലേക്ക് ? മുൻ എം.പി ചെങ്ങറ സുരേന്ദ്രന്റെ രാഷ്ട്രീയ നീക്കത്തിൽ ചർച്ചകൾ സജീവം
Advertisement
Advertisement
Advertisement