ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകൾക്ക് ഫീസ് ഈടാക്കാനാണ് തീരുമാനം.
ഈ പുതിയ തീരുമാനത്തെ തുടർന്ന് രാജ്യത്തെ പല പ്രമുഖ പെട്രോൾ പമ്പ് വ്യാപാരികളും വസ്ത്ര വ്യാപാരി സംഘടനകളും യുപിഐ വഴിയുള്ള വലിയ തുകയുടെ ഡിജിറ്റൽ പേയ്‌മെന്റുകൾ നിർത്തിവെക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് പൂർണ്ണമായി നിർത്തിയേക്കുമെന്ന് മുംബൈയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും പെട്രോൾ പമ്പ് ഉടമകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ചെറുകിട വ്യാപാരികൾക്ക് ഈ തുക കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് പ്രധാന വിപണി സംഘടനകളുടെ വാദം. ഇതോടെ പൊതുജനങ്ങൾ ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപപേക്ഷിച്ച് പഴയതുപോലെ ക്യാഷ് അഥവാ നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകളിലേക്ക് വീണ്ടും തിരികെ പോകാൻ നിർബന്ധിതരാകുമെന്ന് റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.
അതേസമയം, പുതിയ യുപിഐ നിരക്ക് വർദ്ധനവ് സ്റ്റോക്ക് ബ്രോക്കിംഗ് അഥവാ ഓഹരി വിപണി നിക്ഷേപ മേഖലയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് സെറോധ സ്ഥാപകനും സിഇഒയുമായ നിഥിൻ കാമത്ത് മുന്നറിയിപ്പ് നൽകി. ഓഹരി വിപണിയിലേക്ക് പണം അയക്കുന്ന ഉപയോക്താക്കൾ വ്യാപാരം അഥവാ ട്രേഡിംഗ് നടത്തിയില്ലെങ്കിലും ബ്രോക്കർമാർ ഈ തുക സ്വന്തം കൈയിൽ നിന്ന് അടയ്ക്കേണ്ടി വരും.
ഉദാഹരണത്തിന് 10,000 ഉപഭോക്താക്കൾ ഒരു മാസത്തിനിടെ ട്രേഡിംഗ് നടത്താതെ അൻപത് തവണ വരെ രണ്ടര ലക്ഷം രൂപ വീതം യുപിഐ വഴി വാൾട്ടിലേക്ക് മാറ്റിയാൽ, ഒരു ബ്രോക്കർക്ക് ഏകദേശം 2 കോടി രൂപയോളം വെറുതെ നഷ്ടമുണ്ടാകും. ഇത്തരം ഭാരിച്ച ചെലവുകൾ എന്നും സ്വന്തം കൈയിൽ നിന്ന് വഹിക്കാൻ ഓൺലൈൻ ബ്രോക്കിംഗ് കമ്പനികൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഓഹരി വിപണി ആവശ്യങ്ങൾക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും 0.02 ശതമാനം ചാർജ്ജാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പരമാവധി 300 രൂപ വരെയാകാം. എന്നാൽ സാധാരണ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം വരെയുമാണ് ചാർജ്ജ് ഈടാക്കുക. എന്നാൽ പെട്രോൾ പമ്പുകൾക്ക് കൃത്യമായ തുക എന്ന നിലയിൽ 2,000 രൂപയ്ക്ക് മുകളിൽ ഫ്ലാറ്റ് 5 രൂപ മാത്രമായിരിക്കും ചാർജ്ജ്.
യുപിഐ ഇടപാടുകൾക്ക് ഡിജിറ്റൽ ചാർജ്ജ് ; കേന്ദ്ര–എൻപിസിഐ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തം
Advertisement
Advertisement
Advertisement