breaking news New

പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ തളർത്തിയോ ? നഷ്ടം പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രിയദർശിനി സർവീസുകളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ .

മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി വിവിധ നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

സ്വകാര്യ ബസുകൾ സർക്കാർ പാട്ടത്തിനെടുക്കണമെന്നതാണ് സമിതിയുടെ മറ്റൊരു പ്രധാന നിർദേശം. ബസുകൾ പാട്ടത്തിന് നൽകാൻ തയ്യാറാണെന്ന് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു. പാട്ടത്തിനെടുക്കുന്ന ബസുകൾക്ക് ഓരോ കിലോമീറ്ററിനും നിശ്ചിത നിരക്ക് നൽകുന്ന രീതിയിലുള്ള സംവിധാനമാണ് പരിഗണിക്കുന്നത്. ജൂൺ 15ന് പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ വരുമാന നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ വാദം. ഏകദേശം 500 കെഎസ്ആർടിസി ബസുകൾ പൂർണമായി സർവീസ് നടത്തുന്നതും സ്വകാര്യ മേഖലയിലെ പ്രതിസന്ധിക്ക് കാരണമാകുന്നതായാണ് ഉടമകൾ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനത്തെ ഏകദേശം 11,000 സ്വകാര്യ ബസുകളിൽ പകുതിയോളം നിലവിൽ മുഴുവൻ സർവീസുകളും നടത്തുന്നില്ലെന്നും അവർ പറയുന്നു.

കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായതെന്നാണ് വിലയിരുത്തൽ.

വിദഗ്ധ സമിതി വിവിധ ജില്ലകളിൽ സിറ്റിംഗ് നടത്തി ബസ് ഉടമകളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ശേഖരിച്ചു.

കെഎസ്ആർടിസിക്ക് നൽകുന്നതിന് സമാനമായി സ്വകാര്യ ബസ് മേഖലയ്ക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിച്ചിരുന്നത്. വിദഗ്ധ സമിതിയുടെ ശുപാർശകൾ സർക്കാർ പരിഗണിക്കുന്നതോടെ പ്രിയദർശിനി സർവീസുകളും സ്വകാര്യ ബസ് മേഖലയുമായുള്ള നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4