breaking news New

ഉത്സവത്തിരക്കില്ലെങ്കിലും പച്ചക്കറി വില കുതിച്ചുയരുന്നു ; കുടുംബ ബജറ്റ് താളംതെറ്റി ; നിത്യച്ചെലവുകൾ കണ്ടെത്താൻ നെട്ടോട്ടമോടി സാധാരണക്കാർ

ബീന്‍സ്, പയര്‍, ചെറിയ ഉള്ളി തുടങ്ങിയ പ്രധാന ഇനങ്ങളുടെയെല്ലാം വില കിലോയ്ക്ക് 100 രൂപ കടന്നു. 220 രൂപയിലെത്തിയ വെളുത്തുള്ളിയാണ് വിപണിയിലെ വിലക്കയറ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ മാത്രം പല പച്ചക്കറികള്‍ക്കും കിലോയ്ക്ക് 30 മുതല്‍ 60 രൂപ വരെ വര്‍ധിച്ചതോടെ, നിത്യേന വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയ്‌ക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.

കേരളത്തിലെ വിപണികളിലേക്ക് ആവശ്യമായ പച്ചക്കറികളുടെ വലിയൊരു ഭാഗവും എത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവില്‍ വലിയ കുറവുണ്ടായതോടെ വിപണിയില്‍ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയുമായിരുന്നു. രണ്ടാഴ്ച മുമ്പ് 100 രൂപയായിരുന്ന പയറിന് ഇപ്പോള്‍ 140 രൂപയും 80 രൂപയായിരുന്ന മാങ്ങയ്ക്ക് 140 രൂപയുമാണ് വില. കൂടാതെ ബീന്‍സിന് 120 രൂപയും പാവയ്ക്കയ്ക്കും ചെറിയ ഉള്ളിക്കും 100 രൂപ വീതവും നല്‍കേണ്ടി വരുന്നു. കാരറ്റ്, മുളക്, സാലഡ് വെള്ളരി, നെല്ലിക്ക എന്നിവയുടെ വിലയിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വിലക്കയറ്റം ഉപഭോക്താക്കളെ മാത്രമല്ല, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പച്ചക്കറികള്‍ക്ക് തീവിലയായതോടെ ആളുകള്‍ വാങ്ങുന്ന അളവ് പകുതിയായി കുറച്ചതാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നത്. വരും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍ നല്‍കുന്നത്. അതേസമയം തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയ ചില ഇനങ്ങള്‍ക്ക് നിലവില്‍ വലിയ രീതിയില്‍ വില ഉയരാത്തത് മാത്രമാണ് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസം പകരുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണം സാധാരണ നിലയിലാകുകയും വിപണിയില്‍ വിലക്കുറവുണ്ടാകുകയും ചെയ്യുന്ന ദിവസങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് സാധാരണക്കാരുടെ അടുക്കളകള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4