breaking news New

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ ടി. വീണയും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഉള്‍പ്പെട്ട ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് !!

തിരുവനന്തപുരം : വീണയുടെ പക്കല്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത 'റെഡ് ബുക്കിലെ' കൈയ്യെഴുത്ത് കുറിപ്പുകളും വിദേശത്തേക്കയച്ച കോടികളുടെ പണമിടപാട് കണക്കുകളുമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) അയച്ച കത്തില്‍ ഇ.ഡി ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറിയിലെ കൈയ്യക്ഷരം വീണയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിഞ്ഞാല്‍ അത് കേസില്‍ വഴിത്തിരിവാകും.

കൈയ്യക്ഷര പരിശോധനയില്‍ വീണ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും പൂര്‍ണ്ണമായും നിയമക്കുരുക്കിലാകും. റിയാസിന്റെ പൂര്‍ണ്ണ അറിവോടെയും നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരവുമാണ് ഹവാല ശൃംഖല വഴി വിദേശത്തേക്ക് കോടികള്‍ കടത്തിയതെന്നാണ് ഹവാല ഇടപാടുകാരുടെ മൊഴികളെ ഉദ്ധരിച്ച് ഇ.ഡി ഡി.ജി.പിയെ അറിയിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെയും പ്രതിപക്ഷ നിരയെയും ആകെ ഉലയ്ക്കുന്ന അന്വേഷണ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടില്‍ കഴിഞ്ഞ മേയ് 27-നാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് കേസിന് ആസ്പദമായ 'റെഡ് ബുക്ക്' പിടിച്ചെടുക്കുന്നത്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ നടന്നിട്ടുള്ള കോടികളുടെ ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് ഈ ബുക്കില്‍ കൃത്യമായി കുറിച്ചുവെച്ചിട്ടുള്ളത്. റിയാസിന്റെ അടുത്ത സുഹൃത്തുക്കള്‍ വഴിയാണ് ഈ പണമിടപാടുകള്‍ നടത്തിയതെന്നും ഇ.ഡി വ്യക്തമാക്കുന്നു.

ദുബായിലുള്ള വി.പി. ഫൈജാസ് എന്നയാള്‍ക്ക് 2024 സെപ്റ്റംബറില്‍ 85 ലക്ഷം രൂപ അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജില്‍ വ്യക്തമായി കുറിച്ചിട്ടുണ്ട്. ഈ തുക വിദേശത്തേക്ക് കടത്തിയതിനെ ശരിവെക്കുന്ന ഡിജിറ്റല്‍ തെളിവുകളും വാട്സാപ് ചാറ്റുകളും പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ഇതോടൊപ്പം ഫൈജാസ് അടക്കമുള്ള ഹവാല ഏജന്റുമാര്‍ക്ക് മുന്‍ മന്ത്രി റിയാസുമായുള്ള അടുത്ത സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇ.ഡി അന്വേഷണ സംഘത്തിന് നിര്‍ണ്ണായക മൊഴികള്‍ ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ മന്ത്രി റിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് അയച്ച കത്തില്‍ ഗുരുതരമായ വിവരങ്ങളാണ് ഇ.ഡി വെളിപ്പെടുത്തുന്നത്. 2024-ല്‍ വീണയ്ക്ക് സ്വന്തമായി വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും റിയാസിനൊപ്പം മന്ത്രിമന്ദിരത്തിലായിരുന്നു താമസമെന്നും കത്തില്‍ പറയുന്നു. ഡയറിയില്‍ എഴുതിയിരിക്കുന്ന ഭീമമായ തുകകള്‍ റിയാസുമായി ബന്ധപ്പെട്ടതാണെന്നാണ് കണ്ടെത്തല്‍.

അനധികൃതമായി സ്വരൂപിച്ച പണം വിദേശത്തേക്ക് അയക്കാന്‍ മുന്‍ മന്ത്രി റിയാസ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (PMLA) ഗുരുതരമായ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണിതെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണോ പണം സ്വരൂപിച്ചതെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

'റെഡ് ബുക്കില്‍' 2024 സെപ്റ്റംബര്‍ 17 എന്ന തീയതി രേഖപ്പെടുത്തി കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്: 'ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം. ഫൈജാസിന് ലഭിച്ചത് 349K (AED)'. അന്നത്തെ വിനിമയ നിരക്കില്‍ 3,49,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 79.60 ലക്ഷം രൂപ) ഫൈജാസ് കൈപ്പറ്റിയെന്നാണ് ഈ കുറിപ്പ് വ്യക്തമാക്കുന്നത്. ഇത് വന്‍തോതിലുള്ള ഹവാല പണമിടപാടാണെന്ന് ഇ.ഡി രേഖപ്പെടുത്തുന്നു. ദുബായിലുള്ള ഫൈജാസിനെ കഴിഞ്ഞ 10 വര്‍ഷമായി തനിക്ക് അറിയാമെന്ന് വീണ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുമുണ്ട്.

ഡയറിയില്‍ വീണ സ്വന്തം കൈപ്പടയില്‍ എഴുതിയ മറ്റൊരു കുറിപ്പിലെ വിവരങ്ങളും ഇ.ഡി കത്തില്‍ എടുത്തുപറയുന്നുണ്ട്. 'നിഖില്‍ - 3 കോടി, വാരിസ് - 1.2 കോടി, ഷൈജല്‍ - 1+3' എന്നിങ്ങനെയാണ് താളുകളില്‍ എഴുതിയിരിക്കുന്നത്. ഈ മൂന്ന് പേരുകളിലൂടെ മാത്രം 8.2 കോടി രൂപയുടെ വലിയ സാമ്പത്തിക ഇടപാടാണ് തെളിയുന്നത്. ഈ തുക രേഖപ്പെടുത്തിയതിന് വലതുവശത്തായി 20.05 കോടി എന്നും പ്രത്യേകം കുറിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ ഈ പേരുകളെല്ലാം ഭര്‍ത്താവ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളുടേതാണെന്ന് വീണ വെളിപ്പെടുത്തിയതായി ഇ.ഡി വ്യക്തമാക്കുന്നു. 8.2 കോടിയുടെ ഈ വിവരങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് താന്‍ ഡയറിയില്‍ കുറിച്ചതെന്നും, വിദേശത്ത് പുതിയ കമ്പനി സ്ഥാപിക്കുന്ന ആവശ്യത്തിലേക്ക് വേണ്ടിയായിരുന്നു പണമിടപാടുകളെന്നും വീണ മൊഴി നല്‍കിയിട്ടുണ്ട്.

2024-ല്‍ നാല് ഘട്ടങ്ങളിലായി വീണ നടത്തിയ ദുബായ് സന്ദര്‍ശനവും ഇ.ഡി വിശദമായി പരിശോധിച്ചു. ജനുവരി 29, മേയ് 3, ജൂലൈ 2, നവംബര്‍ 28 എന്നീ തീയതികളിലായിരുന്നു യാത്രകള്‍. ദുബായില്‍ ബെനാമി കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിരന്തര യാത്രകളെന്ന് ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇ.ഡി കണ്ടെത്തി.

ഇന്ത്യയില്‍ നിന്ന് വിവിധ വഴികളിലൂടെ നിയമവിരുദ്ധമായി സ്വരൂപിച്ച കള്ളപ്പണം നിക്ഷേപിക്കാനാണ് ദുബായില്‍ കമ്പനി ആരംഭിക്കാന്‍ ശ്രമിച്ചതെന്ന് ഇ.ഡി നിഗമനത്തിലെത്തിയിട്ടുണ്ട്. വിദേശ പണമിടപാടുകള്‍ സംബന്ധിച്ച് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളും ഫോണ്‍ സന്ദേശങ്ങളും കൃത്യമായി ഒത്തുപോകുന്നത് ഇ.ഡിയുടെ വാദങ്ങള്‍ക്ക് വീണ്ടും ബലമേകുന്നു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ മന്ത്രി റിയാസ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അയച്ച കത്ത് സംസ്ഥാന പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തെ ഉന്നത നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ഹവാല ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4