മലപ്പുറം: മുഖത്തെ കറുത്ത പാടുകൾ മാറ്റി സൗന്ദര്യം വർധിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഫെയർനസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം.
ഒരു വർഷത്തോളം ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് കണ്ടെത്തിയത്. ആരോഗ്യപരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് അമിതമായി കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തുവന്നത്.
പെൺകുട്ടി ഉപയോഗിച്ച ക്രീം കേന്ദ്ര ലാബിൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് വൻതോതിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.
ക്രീമിലൂടെ ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ തകരാറിലാക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീമാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. തന്റെ സുഹൃത്തുക്കളടക്കം നിരവധിപേർ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
മുഖത്തെ കറുത്ത പാടുകൾ മാറ്റാനായിരുന്നു ക്രീമിന്റെ ഉപയോഗം തുടങ്ങിയത്. എന്നാൽ പിന്നീട് കടുത്ത ശാരീരിക അവശതകൾ, തലവേദന, ശരീരവീക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങളും നിയന്ത്രണമില്ലാത്ത ഓൺലൈൻ വിൽപ്പനയും ഗുരുതര ആരോഗ്യഭീഷണിയായി മാറുകയാണെന്ന ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സൗന്ദര്യം കൂട്ടാൻ ഫെയർനസ് ക്രീം ഉപയോഗിച്ചു ; 17-കാരിക്ക് ഗുരുതര വൃക്കരോഗം ! ക്രീമിൽ മാരകമായ മെർക്കുറി : ഓൺലൈൻ വിൽപ്പന വ്യാപകം !!
Advertisement
Advertisement
Advertisement