തിരുവനന്തപുരം :
ജൂണ്‍ മാസത്തില്‍ സമര്‍പ്പിക്കപ്പെട്ട ബാര്‍ അപേക്ഷകളില്‍ കമ്മീഷണര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് പൂര്‍ണ്ണമായും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായാണെന്നാണ് കമ്മീഷണര്‍ വിശദീകരിക്കുന്നത്.
എന്നാല്‍ തൊട്ടുപിന്നാലെ ഓഗസ്റ്റില്‍ ലഭിച്ച അപേക്ഷ സര്‍ക്കാരിലേക്ക് കൈമാറുകയും, അതില്‍ തല്‍ക്കാലം തുടര്‍നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടും ഫയലുകള്‍ തന്ത്രപരമായി നീക്കിയെന്ന ഗുരുതര ആക്ഷേപമാണ് കമ്മീഷണര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ ഈ വീഴ്ചകളെ പൂര്‍ണ്ണമായി ശരിവെക്കുന്ന കമ്മീഷണറുടെ നിലപാടിനെതിരെ എക്‌സൈസ് മന്ത്രി എം. ലിജു കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് അടിയന്തര സ്ഥാനചലനത്തിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
സര്‍ക്കാരിനെയും ഉത്തരവാദപ്പെട്ട മന്ത്രിയെയും പൂര്‍ണ്ണമായി ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ച നടപടിയാണ് എക്‌സൈസ് വകുപ്പിനുള്ളില്‍ വലിയ രാഷ്ട്രീയ-ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ എക്‌സൈസ് ചട്ടങ്ങള്‍ അനുസരിച്ച് നിര്‍ദ്ദിഷ്ട നക്ഷത്ര പദവിയുള്ള ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സികള്‍ക്ക് വിദേശമദ്യ വില്‍പനാനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും, നയപരമായ തീരുമാനങ്ങളും അനുമതികളും സര്‍ക്കാരിന്റെ അറിവോടെ മാത്രമേ നടപ്പിലാക്കാവൂ എന്നാണ് കണിശമായ രീതി. എന്നാല്‍ ഈ രീതികളെല്ലാം കാറ്റില്‍പ്പറത്തി തിടുക്കത്തില്‍ ഫയലുകളില്‍ തീരുമാനമെടുത്തതാണ് മന്ത്രിയെ കടുത്ത അമര്‍ഷത്തിലേക്ക് നയിച്ചത്.
സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ ശേഖരിച്ച വിവരങ്ങളും രേഖകളും അടങ്ങിയ ഫയലുകള്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അടിയന്തര ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭരണ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ബാര്‍ ലൈസന്‍സുകള്‍ നല്‍കിയ ഉദ്യോഗസ്ഥ വൃന്ദത്തിന് മേല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
വിവാദപരമായ രീതിയില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് നേരിട്ട് നേതൃത്വം നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ഇതിനോടകം തന്നെ കടുത്ത നടപടിക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി.കെ. സതീഷ്, ഷിബു പി.എല്‍. എന്നിവരെ അന്വേഷണവിധേയമായി ഉടനടി സസ്പെന്‍ഡ് ചെയ്യാനാണ് മന്ത്രിയുടെ ഉത്തരവ്. മന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നു എന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ജൂണ്‍ മാസത്തില്‍ ലഭിച്ച അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ നിയമാനുസൃതമാണെന്ന് കമ്മീഷണര്‍ അവകാശപ്പെടുമ്പോഴും, ഓഗസ്റ്റിലെ ഫയലുകളില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ മറികടന്നതാണ് വകുപ്പില്‍ ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാന്‍ മാറ്റിവെച്ച വിഷയങ്ങളില്‍ സമാന്തരമായി ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ തീരുമാനം കൈക്കൊണ്ടത് ഗുരുതരമായ ഔദ്യോഗിക വീഴ്ചയായിട്ടാണ് വകുപ്പ് വിലയിരുത്തുന്നത്. ഇത് ആസൂത്രിതമായ സാമ്പത്തിക താല്‍പ്പര്യങ്ങളുടെ ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കോട്ടയത്തെയും എറണാകുളത്തെയും റീജ്യണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളിലാണ് ബാര്‍ ലൈസന്‍സുകള്‍ നല്‍കിയതിലെ ചട്ടലംഘനങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത്. തങ്ങളറിയാതെ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് ഭരണ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ അന്വേഷണം വേണമെന്ന നിലപാടിലേക്ക് മന്ത്രി എത്തിയത്.
അതേസമയം,
എക്‌സൈസ് വകുപ്പില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉദ്യോഗസ്ഥരും ഭരണനേതൃത്വവും തമ്മില്‍ നിലനില്‍ക്കുന്ന ചില അഭിപ്രായവ്യത്യാസങ്ങളുടെയും വടംവലികളുടെയും തുടര്‍ച്ചയായാണ് ഈ സംഭവവും നോക്കിക്കാണപ്പെടുന്നത്. ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ സുതാര്യത പുലര്‍ത്തണമെന്ന് ഭരണകൂടം ആവര്‍ത്തിക്കുമ്പോഴും, മറുവശത്ത് സര്‍ക്കാരിനെ മറികടന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഉദ്യോഗസ്ഥരെ ശരിവെക്കുന്ന തരത്തില്‍ എക്‌സൈസ് കമ്മീഷണര്‍ എടുത്ത നിലപാടാണ് മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കീഴിലുള്ളവരുടെ അനാവശ്യ നീക്കങ്ങള്‍ക്ക് കുടപിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എക്‌സൈസ് മന്ത്രി നിലപാടെടുത്തു. കമ്മീഷണറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തിയാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന നിലപാടിലാണ് നിലവില്‍ വകുപ്പ്.
മൂന്ന് ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതിൽ വിവാദം ; എക്സൈസ് കമ്മീഷണറുടെ സ്ഥാനവും തെറിച്ചേക്കും
Advertisement
Advertisement
Advertisement