breaking news New

മുഖ്യമന്ത്രിക്ക് ചുറ്റും മൈക്കുമായി മാധ്യമപ്പട വേണ്ട ; പ്രതികരണത്തിനായി പിന്നാലെ കൂടുന്ന മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് !!

തിരുവനന്തപുരം :
ഇനി മുതല്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ പ്രതികരണത്തിനായി കാണുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. സാധാരണയായി എല്ലാ ബുധനാഴ്ചകളിലും ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന പതിവുണ്ടാകും. ഇതിന് പുറമെ ഏതെങ്കിലും തരത്തിലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതികരണം നല്‍കേണ്ടിവന്നാല്‍ അതും മുന്‍കൂട്ടി അറിയിച്ചു കൊണ്ടുതന്നെയായിരിക്കും നടപ്പിലാക്കുക.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും വിഷ്വല്‍ മീഡിയ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടുന്ന സാഹചര്യം പതിവായതോടെയാണ് പുതിയ തീരുമാനം. ഇടുക്കിയില്‍ നടന്ന പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി പ്രതികരിക്കാതെ മടങ്ങുമ്പോള്‍ അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുന്ന പ്രവണത വര്‍ധിച്ചതായി ഭരണതലത്തില്‍ വിലയിരുത്തലുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന ചില രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയം കൂടുതല്‍ ഗൗരവമായി മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന നീക്കങ്ങളും സുരക്ഷാ വിലയിരുത്തലുകളും ഇതിന് ആക്കം കൂട്ടി.

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി മുഖ്യമന്ത്രി സതീശനെ സമീപിച്ചതാണ് ആദ്യ സംഭവം. സിഎംആര്‍എല്‍ മേധാവി എസ്.എന്‍. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് സതീശന്‍ പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഈ ആരോപണം ഉയര്‍ന്ന സമയത്ത് കൊച്ചിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി തിക്കിത്തിരക്കി വളഞ്ഞത് സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടു.

തൊട്ടടുത്ത ദിവസം ഇടുക്കി കളക്ടറേറ്റില്‍ നടന്ന യോഗത്തിന് ശേഷം പുറത്തേക്ക് വന്നപ്പോഴും സമാനമായ സംഭവമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൂട്ടത്തോടെ വളയുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഈ രണ്ടു സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തിയത്. ജനങ്ങളും മാധ്യമപ്രവര്‍ത്തകരും അനിയന്ത്രിതമായി മുഖ്യമന്ത്രിയുടെ തൊട്ടടുത്തേക്ക് എത്തുന്നതില്‍ കടുത്ത ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഇന്റലിജന്‍സ് എഡിജിപി ഇത് സംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിപക്ഷ സംഘടനകള്‍ കടുത്ത പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശക്തമാക്കണമെന്നും അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടണമെന്നും ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാരണത്താല്‍ മുഖ്യമന്ത്രി സതീശന്‍ ഈ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു. അതേസമയം സുരക്ഷാ ആശങ്കകള്‍ ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളുടെ ഘടനയിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനായി പുതിയ ക്രമീകരണങ്ങള്‍ പിആര്‍ഡിയുമായി ചേര്‍ന്ന് തയ്യാറാക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരേസമയം ബഹളം വെയ്ക്കുന്നതും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രത്യേകമായി മൈക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. ഇതുപ്രകാരം കയ്യില്‍ ലഭിക്കുന്ന മൈക്കിലൂടെ മാത്രം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും മുഖ്യമന്ത്രി മറുപടി നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ ഒന്നിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് വാര്‍ത്താസമ്മേളന മുറിയില്‍ അന്തരീക്ഷം വഷളാക്കുന്നത് തടയാന്‍ ഇത് സഹായിക്കും.

കഴിഞ്ഞ കുറച്ചു വാര്‍ത്താസമ്മേളനങ്ങളിലായി ഉണ്ടാകുന്ന അനാവശ്യ തര്‍ക്കങ്ങളും ബഹളങ്ങളും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പാര്‍ട്ടി തലത്തിലും വിലയിരുത്തലുണ്ടായി. ഇതിന് പരിഹാരമെന്ന നിലയിലാണ് മാറ്റം. വാര്‍ത്താസമ്മേളനം കൂടുതല്‍ സുതാര്യവും ജനങ്ങള്‍ക്ക് വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാകുന്ന തരത്തിലും ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു സമയം ഒരാള്‍ മാത്രം ചോദ്യം ചോദിക്കുന്ന രീതി ഇതിലൂടെ ഉറപ്പാക്കാനാകും. മൈക്ക് കൈമാറി ചോദ്യങ്ങള്‍ ചോദിക്കുന്ന ഇത്തരം ശൈലി മുമ്പ് സിപിഐഎം വാര്‍ത്താസമ്മേളനങ്ങളിലും കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളിലും വിജയിച്ച മാതൃകയാണ്. അത് വീണ്ടും നടപ്പിലാക്കാനാണ് തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4