breaking news New

പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ചിലർ ഹരമാക്കിയെന്നും വൈദ്യുതി ബോർഡ് മുൻ ചെയർമാൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ !!

തിരുവനന്തപുരം :
ജിഎൻഎ എന്ന സ്വകാര്യ വൈദ്യുതി വിതരണക്കമ്പനിയുമായി കെഎസ്ഇബി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും, ഉണ്ടാക്കാത്ത കരാർ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ 29ന് അന്നത്തെ കെഎസ്ഇബി ചെയർമാൻ സമർപ്പിച്ച റിപ്പോർട്ടിൽ അടിയന്തരമായി വൈദ്യുതി വാങ്ങണമെന്നായിരുന്നു വൈദ്യുതി വകുപ്പിന്റെ ആവശ്യം. എന്നാൽ വിശദമായ പരിശോധനയിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാൻ സാധ്യതയില്ലെന്നും പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. കരാറിൽ ഏർപ്പെടാൻ ചിലരിൽനിന്ന് സമ്മർദ്ദ തന്ത്രങ്ങളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് 300 മെഗാവാട്ട് വൈദ്യുതി മാത്രമാണ് അധികമായി ഉൽപ്പാദിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വീടുകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചതിലൂടെ 2,200 മെഗാവാട്ട് സൗരോർജ ഉൽപ്പാദനം സാധ്യമായെങ്കിലും വൈദ്യുതി സംഭരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ചിലരുടെ ശീലമായി മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാറുകൾ കൃത്യമായി തയ്യാറാക്കിയില്ലെന്നും കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ കുറഞ്ഞതും കൃത്യമായ ആസൂത്രണത്തിന്റെ അഭാവവുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്. എന്നാൽ ഡിസംബർ വരെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നും ഒരു മാസത്തിനകം വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സൗരോർജ ഉൽപ്പാദനവും സംഭരണശേഷിയും വർധിപ്പിക്കും

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി രണ്ട് തലത്തിലുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം സോളാർ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനവും ഒരുക്കും. 7,000 മെഗാവാട്ട് ശേഷിയുള്ള സോളാർ വൈദ്യുതി സംഭരണ സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ 15 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്നതെന്നും സോളാർ ഊർജ മേഖലയിൽ കർണാടകവും തെലങ്കാനയും മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വൈദ്യുതി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വൈദ്യുതി മന്ത്രി ഒന്നും അറിഞ്ഞിരുന്നില്ലെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി തന്നെയാണ് ഫയൽ തനിക്ക് അയച്ചുനൽകിയത്. ഫയലിൽ എടുത്ത തീരുമാനം അത് ലഭിക്കുമ്പോൾ മന്ത്രിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോർഡിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. യുഡിഎഫ് കൺവീനറുടെ പ്രതികരണങ്ങളോട് മറുപടി പറയാനില്ലെന്നും യുഡിഎഫ് യോഗം ചേരുന്ന തീയതി തീരുമാനിക്കുമ്പോൾ അറിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4