ന്യൂഡൽഹി: വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോളും ഡീസലും നിഷേധിക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ നിരത്തിൽനിന്ന് നിയന്ത്രിക്കുകയാണ് ലക്ഷ്യം.
സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നീക്കം. രാജ്യത്ത് വലിയൊരു വിഭാഗം വാഹനങ്ങളും സാധുവായ ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം 56 ശതമാനം വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്ന കണക്കും കോടതി ഗൗരവത്തോടെയാണ് പരിഗണിച്ചത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിക്കാനാണ് ആലോചന. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ക്യാമറകൾ വഴി തിരിച്ചറിഞ്ഞ് രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഇൻഷുറൻസ് വിവരങ്ങൾ പരിശോധിക്കും. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.
ആദ്യഘട്ടത്തിൽ ഡൽഹി ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഹരിയാനയിലും ഉത്തർപ്രദേശിലും അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പൈലറ്റ് പദ്ധതി ആരംഭിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
നിലവിലെ മോട്ടോർ വാഹന നിയമപ്രകാരം എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. വാഹനാപകടങ്ങളിൽ മറ്റുള്ളവർക്കുണ്ടാകുന്ന പരിക്കുകൾക്കും നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അതേസമയം, പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള അന്തിമ സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക സംവിധാനങ്ങളും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും പൂർത്തിയായ ശേഷമായിരിക്കും തുടർനടപടികൾ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പെട്രോളും ഡീസലും കിട്ടില്ല ! ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം
Advertisement
Advertisement
Advertisement