breaking news New

കഞ്ചാവിൽ നിന്ന് കാൻസറിനും അപസ്മാരത്തിനും മരുന്ന് വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ; രാജ്യത്തെ ആദ്യ ഔഷധ ഗവേഷണ പദ്ധതിക്ക് വേഗം കൂട്ടുന്നു

ന്യൂഡൽഹി: കഞ്ചാവിൽ നിന്ന് വിവിധ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണ പദ്ധതിയുമായി കേന്ദ്ര സർക്കാർ.

കാൻസർ, അപസ്മാരം, നാഡീസംബന്ധമായ രോഗങ്ങൾ, കടുത്ത ശ്വാസകോശ തടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് ലക്ഷ്യം.

കഞ്ചാവിനെ മനുഷ്യരുടെ വേദനയകറ്റാൻ ഉപയോഗിക്കാവുന്ന ഔഷധമാക്കി മാറ്റുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി. ജമ്മുവിലെ സി.എസ്.ഐ.ആർ–ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിനിൽ രാജ്യത്തെ ആദ്യ കഞ്ചാവ് ഔഷധ ഗവേഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഞ്ചാവ് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള വേദനസംഹാരികൾ വികസിപ്പിക്കാനാണ് ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഫ്രഞ്ച് കമ്പനിയുടെ പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ സഹകരണ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഔഷധ നിർമാണത്തിനും ശാസ്ത്രീയ ഗവേഷണത്തിനും മാത്രമായി നിയന്ത്രിത രീതിയിൽ കഞ്ചാവ് കൃഷി അനുവദിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായി കർശനമായ നിയമവ്യവസ്ഥകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിൽ കൃഷിക്ക് അനുമതി ലഭ്യമാക്കാൻ വലിയ ശ്രമങ്ങൾ വേണ്ടിവന്നതായും മന്ത്രി പറഞ്ഞു.

മരുന്നുകളുടെ പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററുമായും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ പരീക്ഷണങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും മരുന്നുകളുടെ നിർമാണത്തിലേക്ക് കടക്കുക.

2017ൽ ജമ്മു കശ്മീർ സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 500ലധികം കഞ്ചാവ് വകഭേദങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ശേഖരവും ഗവേഷണ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഔഷധ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും വളർച്ചയ്ക്ക് വഴിയൊരുക്കാൻ പദ്ധതിക്ക് കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാൽ ഗവേഷണത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളും അംഗീകാര നടപടികളും പൂർത്തിയാക്കിയ ശേഷമേ ചികിത്സയിൽ ഉപയോഗിക്കാനാകൂ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4