ഡൽഹി :
അടിയന്തര സാഹചര്യങ്ങളിലും പൊതുതാല്‍പ്പര്യവും മുന്‍നിര്‍ത്തിയും വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വ്യവസ്ഥകള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഭാരതീയ വായുയാന്‍ നിയമം, 2026-ന്റെ കീഴിലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഇതനുസരിച്ച് എപ്പോഴൊക്കെ സര്‍ക്കാര്‍ അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്ന് കരുതുന്നുവോ അപ്പോഴെല്ലാം എയര്‍ലൈനുകള്‍ക്ക് ഫെയറുകളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കും. എന്നാല്‍ നല്‍കുന്ന ഏത് നിര്‍ദ്ദേശവും നിലവിലുള്ള സാഹചര്യത്തിന് അനുയോജ്യമായതും നിശ്ചിത കാലയളവിലേക്ക് മാത്രം ബാധകമാകുന്നതുമായിരിക്കണം. പുതിയ ചട്ടപ്രകാരം രാജ്യത്ത് സര്‍വീസ് നടത്തുന്ന ഷെഡ്യൂള്‍ഡ് എയര്‍ലൈനുകള്‍ പ്രവര്‍ത്തനച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് വേണം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കാന്‍. കൂടാതെ ടാരിഫ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് സമര്‍പ്പിക്കുകയും വേണം.
പൊതുതാല്‍പ്പര്യത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടെങ്കില്‍ എയര്‍ലൈനുകള്‍ക്ക് രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ ഈ നിയമം അധികാരപ്പെടുത്തുന്നുണ്ട്. എയര്‍ലൈനുകള്‍ തങ്ങളുടെ വെബ്സൈറ്റുകളിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് നിരക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കണമെന്നത് പുതിയ ചട്ടങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എയര്‍ലൈനുകള്‍ ഈടാക്കുന്ന താരിഫുകള്‍ ഡിജിസിഎ നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.
ടിക്കറ്റ് ബുക്കിങ് ഘട്ടങ്ങളില്‍ കൂടുതല്‍ കര്‍ശനമായ വെളിപ്പെടുത്തല്‍ ആവശ്യപ്പെടുന്ന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. യാത്രാവേളകളില്‍ അടയ്‌ക്കേണ്ട മൊത്തം തുകയും ടിക്കറ്റും ബുക്കിങ് പ്രക്രിയയ്ക്കിടയില്‍ യാത്രാക്കാര്‍ക്ക് കാണിച്ചുകൊടുക്കണം. ഇതിനുപുറമെ ബേസ് ഫെയര്‍, ടാക്‌സികള്‍, ഫീസുകള്‍, കാന്‍സലേഷന്‍ ചാര്‍ജുകള്‍, റീഫണ്ട് വ്യവസ്ഥകള്‍ എന്നിവയുടെയെല്ലാം കൃത്യമായ വിവരങ്ങള്‍ വെവ്വേറെ ഉള്‍പ്പെടുത്തേണ്ടതാണ്. സര്‍ക്കാരിന് വേണ്ടി പിരിക്കുന്ന നികുതികളും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കായി എയര്‍ലൈനുകള്‍ ഈടാക്കുന്ന ഫീസുകളും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചു കാണിക്കണമെന്നും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
1994-ലാണ് ഇന്ത്യയിലെ വിമാന യാത്രാ നിരക്കുകള്‍ വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നിശ്ചയിക്കാന്‍ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഡെഗുലേഷന്‍ നടപ്പിലാക്കിയത്. ഡിമാന്‍ഡ്, പ്രവര്‍ത്തനച്ചെലവുകള്‍, ബുക്ക് ചെയ്യുന്ന സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് സാധാരണയായി എയര്‍ലൈനുകള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നതെന്നും വ്യത്യസ്ത പ്രൈസിങ് ബാന്‍ഡുകളാണ് യാത്രാക്കാര്‍ക്ക് നല്‍കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് നിലവിലുണ്ടായിരുന്ന 1937-ലെ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ റൂള്‍ 135(4) പ്രകാരം അമിതമായതോ ചൂഷണാത്മകമായതോ ആയ വിലനിര്‍ണ്ണയങ്ങള്‍ക്കെതിരെ ഇടപെടാന്‍ ഡിജിസിഎയ്ക്ക് അധികാരമുണ്ടായിരുന്നു.
എന്നാല്‍ പുതുതായി വിജ്ഞാപനം ചെയ്ത റൂള്‍ 192 എയര്‍ലൈന്‍ ടാരിഫുകള്‍ നിരീക്ഷിക്കുന്നതിനുള്ള വ്യവസ്ഥ നിലനിര്‍ത്തുന്നുണ്ടെങ്കിലും, അമിത വിലയോ ചൂഷണാത്മക രീതികളോ ഇടപെടലിനുള്ള പ്രത്യേക കാരണങ്ങളായി നേരിട്ട് പരാമര്‍ശിക്കുന്നില്ല. പകരം, പൊതുതാല്‍പ്പര്യപ്രകാരം അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ വിശാലമായ അധികാരങ്ങളാണ് പുതിയ ചട്ടങ്ങള്‍ നല്‍കുന്നത്. നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ ഇടപെടലുകള്‍ നടപ്പിലാക്കുക.
ക്രൂഡ് ഓയിൽ, എ.ടി.എഫ് വിലക്കയറ്റം ; വിമാന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ; പുതിയ വ്യോമയാന ചട്ടങ്ങൾ നിലവിൽ വരുന്നത് 2027 ജനുവരി മുതൽ
Advertisement
Advertisement
Advertisement