breaking news New

പതിറ്റാണ്ടിന് ശേഷമുള്ള റെക്കോർഡ് വിലയിൽ കുരുമുളക് ; കിലോയ്ക്ക് 710 രൂപ വരെ ...

നിലവില്‍ ഉണങ്ങിയ കുരുമുളകിന് കിലോയ്‌ക്ക് 700 രൂപ മുതല്‍ 710 വരെയാണ് പ്രാദേശിക വിപണി നിരക്ക്.2014-15 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.

2014-15 കാലത്ത് ഒരു ക്വിന്റല്‍ കുരുമുളക് വില ഏറ്റവും ഉയര്‍ന്ന നിരക്കായ 73,000 രൂപയില്‍ എത്തിയിരുന്നു. അന്ന് കര്‍ഷകര്‍ക്ക് കിലോയ്‌ക്ക് 740 രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്കയറ്റത്തിന്റെ ഗുണം മിക്ക കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല, ലഭ്യതക്കുറവാണ് കാരണം.

കര്‍ഷകര്‍ നഷ്ടം മൂലം കുരുമുളക് കൃഷിയില്‍ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ നേരത്തേ തന്നെ ഉത്പാദനത്തില്‍ ഇടിവുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനവും മൂലം ഉത്പാദനം തീരെ കുറഞ്ഞു.

2015ന് ശേഷം വിയറ്റ്‌നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വിലകുറഞ്ഞ കുരുമുളക് വന്‍തോതില്‍ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു. 2019ല്‍ കിലോയ്‌ക്ക് 340 രൂപ വരെ എത്തി. പിന്നീട് 2021 മുതല്‍ വില ഘട്ടംഘട്ടമായി ഉയര്‍ന്നാണ് ഇപ്പോള്‍ കിലോയ്‌ക്ക് 700 രൂപയിലെത്തിയത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി പ്രധാന കുരുമുളക് ഉത്പാദന സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉത്പാദനത്തെ സാരമായി ബാധിച്ചു. ഇറക്കുമതിയിലുണ്ടായ വന്‍ ഇടിവാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിനായക ചതുര്‍ഥി മുതല്‍ നവരാത്രി, ദീപാവലിവരെ നീളുന്ന ഉത്സവകാല ഡിമാന്‍ഡ് ഉത്തരേന്ത്യന്‍ വിപണികളില്‍ വര്‍ധിച്ചതും വിലയെ സ്വാധീനിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ ഉത്പാദനം കുറയുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കും. ആഭ്യന്തര വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ശ്രീലങ്ക, വിയറ്റ്‌നാം, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുരുമുളക് വിപണിയിലേക്ക് എത്തിയേക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4