breaking news New

ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗിൽ സൈബർ കെണി ! വ്യാജ വെബ്സൈറ്റുകൾക്കെതിരെ അമേരിക്കൻ സീക്രട്ട് സർവീസിന്റെ മുന്നറിയിപ്പ്

ബ്ലാക്ക് ഫ്രൈഡേ, അവധിക്കാല ഓൺലൈൻ ഷോപ്പിംഗ് തിരക്ക് മുതലെടുത്ത് സൈബർ തട്ടിപ്പുകാർ സജീവമാകുന്നതിനെതിരെ അമേരിക്കൻ സീക്രട്ട് സർവീസിന്റെ ജാഗ്രതാ നിർദ്ദേശം.

ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും ചോർത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ വെബ്സൈറ്റുകൾ, പണമിടപാട് തട്ടിപ്പുകൾ, വ്യാജ നിക്ഷേപ വാഗ്ദാനങ്ങൾ എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ്.

പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. സെർച്ച് എൻജിനുകളിൽ ഇത്തരം സൈറ്റുകൾക്ക് മുൻഗണന ലഭിക്കാൻ പണം നൽകി പരസ്യങ്ങൾ നൽകുന്ന രീതിയും വ്യാപകമാണ്. ഇമെയിലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലഭിക്കുന്ന സംശയാസ്പദമായ ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം നേരിട്ട് ടൈപ്പ് ചെയ്ത് മാത്രം ഷോപ്പിംഗ് നടത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഗൂഗിൾ, ബിംഗ് തുടങ്ങിയ സെർച്ച് പ്ലാറ്റ്ഫോമുകളിലെ സ്പോൺസേർഡ് പരസ്യങ്ങൾ വഴി വ്യാജ ഷോപ്പിംഗ് സൈറ്റുകളിൽ എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഫെഡറൽ ട്രേഡ് കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിചയമില്ലാത്ത വിൽപ്പനക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന് മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

പേയ്‌മെന്റ് ആപ്പുകൾ വഴി അബദ്ധത്തിൽ പണം അയച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളിൽനിന്ന് പണം തട്ടുന്ന രീതിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അപ്രതീക്ഷിതമായി പണം അക്കൗണ്ടിലെത്തിയാൽ നേരിട്ട് തിരികെ അയക്കരുത്. പകരം ബന്ധപ്പെട്ട പേയ്‌മെന്റ് പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടണം. അവധിക്കാല ചെലവുകൾക്കായി വേഗത്തിൽ ലാഭം നേടാമെന്ന വാഗ്ദാനങ്ങളുമായെത്തുന്ന നിക്ഷേപ തട്ടിപ്പുകളിലും വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ബന്ധുക്കളുടെ ശബ്ദവും വ്യക്തിഗത വിവരങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് അനുകരിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളും വർധിക്കുന്നുണ്ട്. ഇത്തരം കോളുകൾ ലഭിച്ചാൽ ഫോൺ കട്ട് ചെയ്ത് ബന്ധുവിന്റെ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ സ്ഥിരീകരിക്കണം.

വ്യാജ ഓൺലൈൻ ക്ഷണക്കത്തുകൾ, ചാരിറ്റി തട്ടിപ്പുകൾ, പാസ്‌വേഡുകളും ബാങ്ക് വിവരങ്ങളും ചോർത്താനുള്ള സന്ദേശങ്ങൾ എന്നിവയിലും ജാഗ്രത വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വെബ്സൈറ്റുകളും സന്ദേശങ്ങളും തിരിച്ചറിയാൻ പ്രയാസമാണെന്ന് എഫ്ബിഐ ബോസ്റ്റൺ ഡിവിഷനും യുഎസ് ട്രഷറി വകുപ്പും ചൂണ്ടിക്കാട്ടി. ഗിഫ്റ്റ് കാർഡ് തട്ടിപ്പുകളും വ്യാജ കൊറിയർ സന്ദേശങ്ങളും വർധിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ തട്ടിപ്പിന് ഇരയായതായി സംശയം തോന്നിയാൽ ഉടൻ ബാങ്കിനെ വിവരമറിയിക്കുകയും എഫ്ബിഐയുടെ ഇന്റർനെറ്റ് ക്രൈം കംപ്ലെയിന്റ് സെന്ററായ ഐസി3 പോർട്ടൽ വഴി പരാതി നൽകുകയും വേണമെന്ന് നിർദ്ദേശമുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4