breaking news New

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തില്‍ കളിപ്പിക്കാന്‍ എന്ന പേരില്‍ നടന്ന 206 കോടി രൂപയുടെ സംശയാസ്പദമായ പണമിടപാടില്‍ വൻ സ്രാവുകളും അന്വേഷണ പരിധിയിലേക്ക് ...

സംഭവത്തില്‍ രണ്ട് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ഹിന്ദുജ ലെയ്ലന്‍ഡ് ഫിനാന്‍സ്, ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇടപാടിന്റെ പൂര്‍ണ വിവരങ്ങളും കൃത്യമായ രേഖകളും ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് വകുപ്പിന്റെ കടുത്ത നിര്‍ദേശം. ജി.എസ്.ടി അന്വേഷണ വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് 206 കോടിയുടെ പണത്തിന്റെ ഉറവിടം പുറത്തുവന്നത്.

ഗോകുലം ചിറ്റ്‌സ് 133.64 കോടി രൂപ നല്‍കിയപ്പോള്‍ ഹിന്ദുജ ലെയ്ലന്‍ഡ് ഫിനാന്‍സ് 73.23 കോടി രൂപയാണ് നല്‍കിയത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഇവ രണ്ടും എന്ത് അടിസ്ഥാനത്തിലാണ് ഒരു സ്വകാര്യ സ്‌പോണ്‍സര്‍ കമ്പനിക്ക് ഇത്രയും ഭീമമായ തുക കൈമാറിയതെന്നാണ് അന്വേഷണ സംഘം പ്രധാനമായും ചോദ്യം ചെയ്യുന്നത്.

വെറും 10 ലക്ഷം രൂപ മാത്രം അടച്ചുതീര്‍ത്ത മൂലധനമുള്ള സ്‌പോണ്‍സര്‍ കമ്പനിക്കാണ് ഈ കോടികള്‍ നിമിഷനേരം കൊണ്ട് ലഭിച്ചത്. യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത, സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു കമ്പനിക്ക് എന്ത് ഉറപ്പിന്മേലാണ് വായ്പയോ പണമോ അനുവദിച്ചതെന്നതില്‍ വന്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഈടായി എന്തെങ്കിലും സ്വത്തുക്കള്‍ നല്‍കിയിട്ടുണ്ടോ, അതിനായി ഇടനില നിന്നത് ആരാണ്, പരസ്യക്കരാറോ മറ്റ് എന്തെങ്കിലും സേവനങ്ങളോ വാഗ്ദാനം ചെയ്താണോ തുക നല്‍കിയത് എന്നീ കാര്യങ്ങളിലാണ് ജി.എസ്.ടി വിഭാഗം വ്യക്തത തേടുന്നത്.

സ്‌പോണ്‍സര്‍ കമ്പനി കൈമാറിയ തുക അവരുടെ സ്വന്തം ബിസിനസ് വരുമാനത്തില്‍ നിന്നോ മൂലധനത്തില്‍ നിന്നോ ഉള്ളതല്ലെന്ന് ജി.എസ്.ടി അന്വേഷണ വിഭാഗം നേരത്തെ തറപ്പിച്ചു പറഞ്ഞിരുന്നു. ഇത് ഒരു സാധാരണ വാണിജ്യ വായ്പയാണെന്നതിനും തെളിവുകളൊന്നുമില്ല. സാധാരണ ഗതിയില്‍ കോടിക്കണക്കിന് രൂപ വായ്പ നല്‍കുക 18 ശതമാനം ജി.എസ്.ടി ബാധകമായ പ്രൊസസിങ് ഫീസ് ഈടാക്കാറുണ്ട്. എന്നാല്‍ ഈ ഇടപാടില്‍ അത്തരം യാതൊരു നടപടികളും ഉണ്ടായിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4