breaking news New

ബിസ്‌ലേരി കുപ്പി വെള്ളത്തിൽ വീണ്ടും ബാക്ടീരിയ ! വീണ്ടും നിയമനടപടിക്ക് അനുമതി നൽകി എഫ്എസ്എസ്എഐ

പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിക്കെതിരെ വീണ്ടും നടപടിയുമായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ). പശ്ചിമ ബംഗാളിലെ നിർമ്മാണ പ്ലാന്റിൽനിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ബിസ്‌ലേരിക്കെതിരെ അതോറിറ്റി നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്.

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ തേലിപ്പാറ ഗ്രാമത്തിലുള്ള ബിസ്‌ലേരി പ്ലാന്റിൽനിന്ന് ശേഖരിച്ച PB 201 ബാച്ചിലെ കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക ലബോറട്ടറി പരിശോധനയിലും തുടർന്നുള്ള റഫറൽ ലാബ് പരിശോധനയിലും കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മലിനജല ചോർച്ച, തകരാറിലായ പൈപ്പുകൾ തുടങ്ങിയവയിലൂടെ കോളിഫോം ബാക്ടീരിയ കുടിവെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്. പരിശോധനാഫലത്തെ തുടർന്ന് 2026 ഓഗസ്റ്റ് 12ന് തന്നെ ഈ ബാച്ചിലെ കുപ്പിവെള്ളത്തിന്റെ വിൽപ്പന നിരോധിച്ചിരുന്നു. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഇപ്പോൾ നിയമനടപടിക്ക് അനുമതി നൽകിയിരിക്കുന്നത്.

നേരത്തേ ഗോവയിലെ ബിസ്‌ലേരി പ്ലാന്റിൽനിന്ന് ശേഖരിച്ച സാമ്പിളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ബിസ്‌ലേരി ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കുപ്പിവെള്ള നിർമ്മാണ പ്ലാന്റുകളിലെ പരിശോധന ശക്തമാക്കാനാണ് എഫ്എസ്എസ്എഐയുടെ തീരുമാനം. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്കും റീജിയണൽ ഡയറക്ടർമാർക്കും പരിശോധനയും സാമ്പിൾ ശേഖരണവും ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ രാജ്യവ്യാപകമായി ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കുമെന്ന് എഫ്എസ്എസ്എഐ സിഇഒ രജിത് പുൻഹാനി അറിയിച്ചു.

ഉപഭോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, മറിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കുപ്പിവെള്ളത്തിന് പുറമെ ഭക്ഷ്യവസ്തുക്കൾ പൊതിയുന്ന പാക്കേജിംഗ് സാമഗ്രികളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. പ്രമുഖ ബ്രാൻഡുകളോട് സാമ്യമുള്ള പേരുകളിൽ പ്രവർത്തിക്കുന്ന വ്യാജ കുപ്പിവെള്ള കമ്പനികളെ കണ്ടെത്തുന്നതിനുള്ള നടപടികളും ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4