റാലിയിൽ ആളെത്തിക്കാൻ കോൺഗ്രസിനായില്ലെന്നും രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ ആളുകൾ കസേര വിട്ട് എഴുന്നേറ്റു പോവുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് ഇന്ത്യ മുന്നണി രാംലീല മൈതാനിയിൽ ബഹുജന റാലി സംഘടിപ്പിച്ചത്. എന്നാൽ 50,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൈതാനി പകുതി പോലും നിറയ്ക്കാൻ മുന്നണിക്കായില്ലെന്ന് വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ബിജെപി സോഷ്യൽ മീഡിയയിൽ കുറിച്ചു. രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെ ജനങ്ങൾ മൈതാനത്തുനിന്ന് മടങ്ങുന്ന ദൃശ്യങ്ങളാണ് ബിജെപി പങ്കുവച്ചത്. “അമ്പേ പരാജയപ്പെട്ട ഷോ” എന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി റാലിയെ വിശേഷിപ്പിച്ചത്.
വോട്ടർ പട്ടികയിലെ വീഴ്ചകൾ ആരോപിച്ചും എസ് ഐ ആറിന് എതിരെയുമാണ് പ്രതിപക്ഷം സമരം ശക്തിപ്പെടുത്തിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണഘടന തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി വ്യക്തമാക്കി. എത്ര ശക്തനായാലും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.
ഗ്യാനേഷ് കുമാർ പദവിയിൽ നിന്ന് മാറുന്നതുവരെ സമരം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളും റാലിയിൽ പങ്കെടുത്തു. അതേസമയം, ഉത്സവാന്തരീക്ഷം തകർക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ശ്രമിക്കുകയാണ് പ്രതിപക്ഷമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ തിരിച്ചടിച്ചു. 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ ഇത്തരം ഒരു റാലി സംഘടിപ്പിച്ചതിനെയും ബിജെപി വിമർശിച്ചു.
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
Advertisement
Advertisement
Advertisement