breaking news New

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്ത്

പിണറായി വിജയന്‍ പണ്ട് വൈദ്യുതി മന്ത്രിയായിരുന്ന കാലം തൊട്ട് സമ്പാദിച്ച അഴിമതിപ്പണം വെളുപ്പിച്ചെടുക്കാനുള്ള വെറുമൊരു മറ മാത്രമായിട്ടാണ് മകള്‍ വീണയുടെ കമ്പനികളെ ഉപയോഗിച്ചതെന്ന് ഷോണ്‍ ജോര്‍ജ് ആഞ്ഞടിച്ചു. നാണമെന്നൊന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഉടന്‍ രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഞെട്ടിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തന്റേതല്ലെന്ന് എന്ന് പറയാന്‍ വീണ വിജയന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. കമ്പനിക്കെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളില്‍ എന്തുകൊണ്ട് നിയമനടപടികളിലേക്ക് കടക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് വരെ ഹവാല മാര്‍ഗ്ഗത്തില്‍ കോടികളുടെ പണം കടത്തിയതിന്റെ നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ തയ്യാറാകണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

മുന്‍ മന്ത്രിയും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് റിയാസിനെതിരായ റെയ്ഡല്ലെന്നും, മറിച്ച് വീണ നടത്തിയ നിഗൂഢമായ സാമ്പത്തിക ഇടപാടുകളിലാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസന്വേഷിക്കുന്ന ഇഡിയുമായി താന്‍ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലൂടെ മാത്രമാണ് അന്വേഷണ പുരോഗതികളെക്കുറിച്ച് അറിയുന്നതെന്നും കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4