breaking news New

അരിയിൽ ഷുക്കൂർ വധക്കേസ് : പി. ജയരാജനും, ടി.വി. രാജേഷിനും ആശ്വാസം ; 13 പ്രതികൾ കുറ്റക്കാർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വിധി പുറത്ത്

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധിയുമായി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അതേസമയം, ഗൂഢാലോചനക്കുറ്റം നേരിട്ട സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെയും ശ്യാംജിത്തിനെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജു മോഹൻ, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവരടക്കമുള്ളവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

കേസിൽ 32-ാം പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, 33-ാം പ്രതിയായ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, 19-ാം പ്രതിയും എം.വി. ഗോവിന്ദന്റെ മകനുമായ ശ്യാംജിത്ത് എന്നിവർക്കെതിരായ ഗൂഢാലോചനാ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി നിലപാട്.

2012 ഫെബ്രുവരി 20-നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ എം.എസ്.എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ കല്ലേറിന് പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രത്തിലെ പ്രധാന ആരോപണം.

ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണയ്ക്കിടെ രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സി.ബി.ഐ കുറ്റപത്രത്തിൽ 81 സാക്ഷികളുണ്ടായിരുന്നു.

അന്വേഷണ ഘട്ടത്തിൽ പ്രതികൾക്കെതിരെ മൊഴി നൽകിയ പ്രധാന സാക്ഷികളിൽ ചിലർ വിദേശത്തായിരുന്നതിനാൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായിരുന്നില്ല. പ്രധാന സാക്ഷികളുടെ അസാന്നിധ്യം ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ കേരളം ഏറെക്കാലമായി ഉറ്റുനോക്കിയ കേസിൽ പുറത്തുവന്ന വിധി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4