breaking news New

ബിസ്ലറി കുടിവെള്ളത്തിലും മാരക രാസവസ്തുക്കളോ ? ഗുണനിലവാര പരിശോധനയിൽ വീണ്ടും പരാജയം ; കമ്പനിക്കെതിരെ നിയമനടപടിയുമായി FSSAI !

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലറിക്കെതിരെ കടുത്ത നടപടികളുമായി ഇന്ത്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI.

കമ്പനിയുടെ ഉൽപാദന കേന്ദ്രത്തിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

ബിസ്ലറി ഇന്റർനാഷണലിന്റെ ഉൽപാദന കേന്ദ്രത്തിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് അനുവദനീയമായ പരിധിയിൽ കൂടുതലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അറിയിപ്പ്. ഞായറാഴ്ച ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പരിശോധനാ വിവരങ്ങൾ പുറത്തുവിട്ടത്.

വെള്ളം ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കിടെ രൂപപ്പെടുന്ന 'ബ്രോമേറ്റ്' എന്ന രാസസംയുക്തത്തിന്റെ അളവ് നിശ്ചിത സുരക്ഷാ പരിധിയേക്കാൾ കൂടുതലാണെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ആരോഗ്യത്തിന് ദോഷകരമായേക്കാവുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമായാണ് അധികൃതർ വിലയിരുത്തിയത്.

എന്നാൽ പരിശോധനാ ഫലത്തിൽ അതൃപ്തി അറിയിച്ച ബിസ്ലറി അധികൃതർ പുനഃപരിശോധനയ്ക്കായി അപ്പീൽ നൽകി. ഇതേത്തുടർന്ന് സാമ്പിളുകൾ മറ്റൊരു സ്വതന്ത്ര ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചു.

രണ്ടാമത്തെ പരിശോധനയിലും വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആശങ്കകൾ ആവർത്തിച്ചതായാണ് റിപ്പോർട്ട്. പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAH) എന്ന രാസസംയുക്തങ്ങളുടെ സാന്നിധ്യവും ലബോറട്ടറി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി.

ഇതോടെയാണ് കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിച്ചത്. സംഭവത്തിൽ ബിസ്ലറി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്ത്യയിലെ പാക്കേജ്ഡ് കുടിവെള്ള വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡാണ് ബിസ്ലറി. പെപ്സികോയുടെ അക്വാഫിന, കൊക്കകോളയുടെ കിൻലി തുടങ്ങിയ ബ്രാൻഡുകളുമായാണ് പ്രധാനമായും മത്സരം.

പെർസിസ്റ്റൻസ് മാർക്കറ്റ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം 2025-ൽ ഇന്ത്യയിലെ പാക്കേജ്ഡ് കുടിവെള്ള വിപണിയുടെ മൂല്യം 3.6 ബില്യൺ ഡോളറായിരുന്നു. ഇത്രയും വലിയ വിപണിയിൽ മുൻനിരയിലുള്ള കമ്പനിയുടെ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉയർന്ന ആരോപണം ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വൻകിട ഭക്ഷ്യ-പാനീയ കമ്പനികൾക്കെതിരെയും പരിശോധനകൾ ശക്തമാക്കുകയാണ് അധികൃതർ.

കഴിഞ്ഞ സെപ്റ്റംബറിൽ കുട്ടികൾക്കായുള്ള ഭക്ഷ്യോൽപന്നത്തിന്റെ സാമ്പിൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നെസ്‌ലെയ്ക്കെതിരെയും നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസ്ലരിക്കെതിരായ പുതിയ നടപടി വാർത്തകളിൽ ഇടംപിടിക്കുന്നത്.

ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അധികൃതർ. അതേസമയം, ബിസ്ലരിക്കെതിരായ കണ്ടെത്തലുകളിൽ കമ്പനിയുടെ വിശദീകരണവും തുടർ നിയമനടപടികളുടെ ഫലവും നിർണായകമാകും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4