breaking news New

ബിജെപിക്ക് വീണ്ടും തിരിച്ചടി ; പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും പടിയിറങ്ങുന്നു ! കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കം : നേതൃത്വവുമായി കൂടിക്കാഴ്ച ചൊവ്വാഴ്ച

തിരുവനന്തപുരം: ബിജെപിക്ക് സംസ്ഥാനത്ത് വീണ്ടും തിരിച്ചടി. മുൻ കായികതാരവും അർജുന അവാർഡ് ജേതാവുമായ പത്മിനി തോമസ് ബിജെപി വിടാൻ ഒരുങ്ങുന്നു.

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി പത്മിനി കൂടിക്കാഴ്ച നടത്തും.

ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായിക മേഖലയോടുള്ള താൽപര്യമാണ് ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് അവർ പറയുന്നു. എന്നാൽ പാർട്ടിയിലെത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കായിക മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ അവസരങ്ങൾ ലഭിച്ചില്ലെന്നും പത്മിനി തുറന്നടിച്ചു.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. ഒടുവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിൽ മത്സരിക്കാൻ അവസരം നൽകിയതല്ലാതെ പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ലെന്നും പത്മിനി വ്യക്തമാക്കി.

കോൺഗ്രസ് കുടുംബപശ്ചാത്തലമുള്ള തനിക്ക് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളുടെ പിന്തുണ ലഭിച്ചിരുന്നുവെന്നും കോൺഗ്രസ് വിട്ടത് എടുത്തുചാട്ടമായിരുന്നുവെന്നും അവർ സമ്മതിച്ചു. ബിജെപിയിലേക്ക് പോയതിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്നും തിരിച്ചുവരുന്നെങ്കിൽ അത് കോൺഗ്രസിലേക്ക് മാത്രമായിരിക്കുമെന്നും പത്മിനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പത്മജ വേണുഗോപാലും ബിജെപി ബന്ധം അവസാനിപ്പിച്ചത്. രണ്ടര വർഷത്തെ ബന്ധം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖറിന് ഇമെയിൽ വഴിയാണ് രാജിക്കത്ത് കൈമാറിയത്. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും ഇപ്പോൾ ആ തീരുമാനം തിരുത്തുകയാണെന്നും പത്മജ പ്രതികരിച്ചിരുന്നു.

പത്മജയ്ക്ക് പിന്നാലെ പത്മിനിയും... ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള മടക്കയാത്രകൾ രാഷ്ട്രീയ ചർച്ചയാകുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4