breaking news New

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം ; നിയമഭേദഗതി പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി നിലവിലെ 18ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി.

മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണെന്നും ഇക്കാര്യത്തിൽ നിയമനിർമ്മാണ സഭകൾ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

16 വയസ്സ് പിന്നിടുമ്പോഴേക്കും കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്ന വിലയിരുത്തലാണ് കോടതി മുന്നോട്ടുവച്ചത്. പ്രായപരിധി ഗുരുതര കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള നിയമപരമായ പഴുതായി മാറുന്ന സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ കോടതിക്ക് തീരുമാനമെടുക്കാൻ കഴിയൂവെന്നും വ്യക്തമാക്കി.

23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങൾ. മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹർജിക്കാരൻ. അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റ് സ്ഥാപനങ്ങളിലും നിയമലംഘനം വ്യാപകമാണെന്നാണ് ഹർജിയിലെ ആരോപണം.

പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളും കോടതി പരിഗണിച്ചു. നെടുമ്പാശ്ശേരിയിൽ 19 വയസ്സുകാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം പാങ്ങപ്പാറയിൽ 17 വയസ്സുകാരനെ മറ്റൊരു 17 വയസ്സുകാരൻ കൊലപ്പെടുത്തിയ സംഭവമടക്കം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ജുവനൈൽ നിയമത്തിലെ പ്രായപരിധി പുനഃപരിശോധിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം പുറത്തുവരുന്നത്. എന്നാൽ നിലവിലെ നിയമത്തിൽ മാറ്റം വരണമെങ്കിൽ നിയമനിർമ്മാണ സഭകളുടെ തീരുമാനമാണ് നിർണായകമാകുക.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4