തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ കോടികൾ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മന്ത്രിമന്ദിരങ്ങളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 5.63 കോടി രൂപ ചെലവഴിച്ചതായാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്.
എ.സി സ്ഥാപിക്കൽ, വൈദ്യുതീകരണം, അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും തുക വിനിയോഗിച്ചിരിക്കുന്നത്.
മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. 81.06 ലക്ഷം രൂപയാണ് ഇവിടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി വകയിരുത്തിയത്. മന്ത്രി എം. ലിജുവിന്റെ ഔദ്യോഗിക വസതിയായ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ വസതിയായ പമ്പയ്ക്ക് 31.43 ലക്ഷം രൂപയും അനുവദിച്ചു.
പമ്പയിലെ എ.സി, വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി മാത്രം 11 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. മന്ത്രി അനൂപ് ജേക്കബിന്റെ വസതിയിൽ എ.സി സ്ഥാപിക്കാൻ 3.69 ലക്ഷം രൂപയും അജന്ത ബംഗ്ലാവിൽ 3.07 ലക്ഷം രൂപയും ചെലവായതായും രേഖകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾക്കായി തുക ചെലവഴിച്ചിട്ടുണ്ട്. എ.സി മാറ്റിസ്ഥാപിക്കാൻ 4.36 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 3.50 ലക്ഷം രൂപയും ഉൾപ്പെടെ 7,86,400 രൂപയാണ് ചെലവ്. ഇതിന് പുറമെ കർട്ടനുകൾ മാറ്റാൻ 1.55 ലക്ഷം രൂപയും കസേരകളുടെ കുഷ്യനുകൾ മാറ്റാൻ നാല് ലക്ഷം രൂപയും ചെലവഴിച്ചു. ഈ ചെലവുകൾ ടൂറിസം വകുപ്പിന്റെ എസ്റ്റിമേറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ മന്ത്രിമന്ദിരങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട പൂർണമായ ചെലവുകണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. പല വസതികളിലും അറ്റകുറ്റപ്പണികൾ തുടരുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് പുറമെ ടൂറിസം വകുപ്പ് മുഖേന വാങ്ങുന്ന ഫർണിച്ചറുകൾ, കർട്ടനുകൾ തുടങ്ങിയവയുടെ ചെലവുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ തുക ഉയരാനാണ് സാധ്യത.
അതേസമയം, ഔദ്യോഗിക വസതികളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in