breaking news New

ഇന്ത്യയിൽ പ്രമേഹബാധിതരിൽ 43 ശതമാനത്തിനും രോഗവിവരമില്ല ; 3.86 കോടി പേർ രോഗം തിരിച്ചറിയാതെ ജീവിക്കുന്നു !!

ഇന്ത്യയിൽ പ്രമേഹബാധിതരായ 8.98 കോടി മുതിർന്നവരിൽ 3.86 കോടി പേർക്ക് തങ്ങൾക്ക് പ്രമേഹമുണ്ടെന്ന കാര്യം അറിയില്ലെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (IDF) റിപ്പോർട്ട്.

ആകെ പ്രമേഹബാധിതരിൽ 43 ശതമാനം പേരും രോഗനിർണയം നടത്താത്തവരാണെന്ന ഞെട്ടിക്കുന്ന കണക്കാണ് ലോക പ്രമേഹദിനത്തിന് മുന്നോടിയായി പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്.

ആരോഗ്യപ്രശ്നങ്ങളോ പ്രകടമായ ലക്ഷണങ്ങളോ ഇല്ലാത്തവരിലും പ്രമേഹം കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നും പരിശോധനയിലൂടെ മാത്രമേ പലർക്കും രോഗം തിരിച്ചറിയാൻ കഴിയൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 502 ഇന്ത്യക്കാരും പങ്കെടുത്തു.

നവംബർ 14നാണ് ലോക പ്രമേഹദിനം. സർവേയിൽ പങ്കെടുത്ത 84 ശതമാനം പേരും ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പ്രമേഹസാധ്യതാ പരിശോധന നടത്തുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, തങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം വരാൻ സാധ്യതയുണ്ടെന്ന് കരുതുന്നവർ വെറും 14 ശതമാനം മാത്രമാണ്.

സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും കുറഞ്ഞത് രണ്ട് പ്രമേഹസാധ്യതാ ഘടകങ്ങളെങ്കിലും കണ്ടെത്തി. പ്രീ-ഡയബറ്റിസ് അവസ്ഥയിലുള്ളവർക്ക് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകുമെന്ന തെറ്റിദ്ധാരണ 75 ശതമാനം പേർക്കുമുണ്ട്. പരിശോധന എങ്ങനെ നടത്തണമെന്ന് അറിയില്ലെന്ന് 48 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, പരിശോധനാഫലത്തെക്കുറിച്ചുള്ള ഭയം കാരണം 35 ശതമാനം പേർ പരിശോധന ഒഴിവാക്കുന്നു.

രോഗസാധ്യതയില്ലെന്ന അമിതവിശ്വാസം (25%), ആശുപത്രികളിൽ പരിശോധനയ്ക്ക് സമയം ലഭിക്കാത്തത് (22%) എന്നിവയും രോഗനിർണയം വൈകുന്നതിന് കാരണമാകുന്നു.

രോഗനിർണയത്തിലെ ഈ വിടവ് നികത്താൻ കൂടുതൽ ആളുകളെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്ന് ഐഡിഎഫ് തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ അധ്യക്ഷൻ ഡോ. ബൻഷി സാബൂ പറഞ്ഞു. പ്രാദേശികതലത്തിൽ ബോധവൽക്കരണം ശക്തമാക്കുക, ഫാർമസികൾ വഴിയുള്ള പരിശോധനകൾ വർധിപ്പിക്കുക, വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

ഐഡിഎഫിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രമേഹബാധിതരിൽ 57 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ രോഗനിർണയം നടത്തിയിട്ടുള്ളത്. 2030ഓടെ രോഗനിർണയ നിരക്ക് 80 ശതമാനത്തിലെത്തിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ 2.07 കോടി പേർക്ക് കൂടി അടിയന്തരമായി രോഗം കണ്ടെത്തേണ്ടതുണ്ട്.

2024ൽ മാത്രം ഇന്ത്യയിൽ പ്രമേഹചികിത്സയ്ക്കായി 980 കോടി ഡോളർ ചെലവഴിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ, കാഴ്ചനഷ്ടം തുടങ്ങിയ ഗുരുതരമായ സങ്കീർണതകളുടെ ചികിത്സയ്ക്കാണ് ചെലവിന്റെ വലിയൊരു പങ്കും വിനിയോഗിക്കുന്നത്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും വഴി ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം വലിയ സാമ്പത്തിക ബാധ്യതയും കുറയ്ക്കാനാകുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.

ലക്ഷണങ്ങളില്ലെന്നത് പ്രമേഹമില്ലെന്നതിന് തെളിവല്ല. കൃത്യസമയത്തെ പരിശോധനയിലൂടെ മാത്രമേ രോഗം നേരത്തേ തിരിച്ചറിയാനാകൂ എന്ന ശക്തമായ സന്ദേശമാണ് റിപ്പോർട്ട് നൽകുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4