തിരുവനന്തപുരം :
ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2,232 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന ആരോപണം ശക്തമാകുന്നു.
ഹിമാചൽ പ്രദേശുമായുള്ള വൈദ്യുതി കരാർ 1,105 കോടി രൂപയുടേതാണെന്നിരിക്കെ 2,232 കോടി രൂപയുടെ ബാധ്യത എങ്ങനെയുണ്ടാകുമെന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം, ജി.എൻ.എ വൈദ്യുതി കരാറിലൂടെ കെ.എസ്.ഇ.ബിക്ക് 903 കോടിയിലേറെ രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് സി.എം.ഡിയുടെ റിപ്പോർട്ടിലുള്ളത്. ജി.എൻ.എ കരാറിനായി ആകെ 2,008 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ ജി.എൻ.എ കരാർ സഹായിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ പീക്ക് സമയത്ത് പരമാവധി 500 മെഗാവാട്ട് വൈദ്യുതി മാത്രമേ ജി.എൻ.എയ്ക്ക് നൽകാനാകൂവെന്നാണ് മറുവാദം. സംസ്ഥാനത്തിന്റെ ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ ഇത് മതിയാകില്ലെന്നും വിമർശനമുണ്ട്.
വൈദ്യുതി വാങ്ങുന്നതിന് സെക്ഷൻ 62, 63 പ്രകാരം ടെൻഡർ നടപടികൾ നിർബന്ധമാണെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. സെക്ഷൻ 108 പ്രകാരം വൈദ്യുതി വാങ്ങുന്നതിനും റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ആവശ്യമാണ്. ടെൻഡർ നടപടികളില്ലാതെ കരാറിലേർപ്പെട്ടാൽ കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ജി.എൻ.എ കരാറിലെ മറ്റൊരു പ്രധാന പ്രതിസന്ധി പകൽസമയത്തെ വൈദ്യുതി വാങ്ങലാണ്. വൈദ്യുതി ക്ഷാമമില്ലാത്ത സമയത്തുപോലും യൂണിറ്റിന് 8.63 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി വാങ്ങേണ്ടിവരുമെന്നാണ് വിമർശനം. പീക്ക് സമയത്തെ അധിക ആവശ്യത്തിന് ശേഷവും വൈദ്യുതി കണ്ടെത്തേണ്ട സാഹചര്യമുണ്ടായാൽ യൂണിറ്റിന് 20 രൂപയോളം ചെലവാകാമെന്നും കെ.എസ്.ഇ.ബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഹിമാചൽ പ്രദേശ് സർക്കാരുമായുള്ള കരാറിൽ യൂണിറ്റിന് 12.50 രൂപയാണ് നിരക്ക്. സംസ്ഥാനത്തിന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഈ കരാറിന്റെ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത്. ജി.എൻ.എ കരാറിൽ നിശ്ചിത അളവിലുള്ള വൈദ്യുതി മാത്രമേ ലഭിക്കൂവെന്നതും ശേഷിക്കുന്ന ആവശ്യം മറ്റ് സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തേണ്ടിവരുമെന്നതും ആശങ്ക വർധിപ്പിക്കുന്നു.
സി.എം.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജി.എൻ.എ കരാറിനെ മന്ത്രി സണ്ണി ജോസഫും എതിർത്തിരുന്നതായാണ് വിവരം. ടെൻഡർ നടപടികളില്ലാതെ കരാറിൽ ഒപ്പിടണമെന്ന നിർദേശത്തോടും കെ.എസ്.ഇ.ബി തലത്തിൽ എതിർപ്പുണ്ടായി.
സ്ഥലംമാറ്റത്തിന് തൊട്ടുമുമ്പും കരാറിനെതിരെ കടുത്ത നിലപാടിലായിരുന്നു എം.ജി. രാജമാണിക്യമെന്നാണ് പുറത്തുവരുന്ന വിവരം. ജി.എൻ.എയുമായി കരാർ ഒപ്പിടാൻ മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നുവെന്നും എന്നാൽ കോടികളുടെ നഷ്ടത്തിന് ഇടയാക്കുമെന്ന് വിലയിരുത്തിയ കരാറിൽ ഒപ്പിടാൻ അദ്ദേഹം തയ്യാറായില്ലെന്നുമാണ് റിപ്പോർട്ടുകൾ.
ഹിമാചൽ കരാറോ - ജി.എൻ.എ കരാറോ ? സംസ്ഥാനത്തിന് സാമ്പത്തികമായി നേട്ടം ഏതാണ് ? വൈദ്യുതി വാങ്ങൽ കരാർ വീണ്ടും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു !!
Advertisement
Advertisement
Advertisement