breaking news New

സ്വാതന്ത്ര്യദിനാഘോഷത്തിലെ ഭീകരാക്രമണ പദ്ധതിക്കായി ഷെഹ്‌സാദ് ഭാട്ടി സംഘം റിക്രൂട്ടിങ് നടത്തിയത് സോഷ്യല്‍ മീഡിയയിലൂടെ ; കേരളത്തിലുള്ള നിരവധി പേര്‍ക്ക് ഷെഹ്‌സാദ് ഭാട്ടി സംഘവുമായി ബന്ധം !!!

യുവാക്കള്‍ക്ക് പുറമേ സ്ത്രീകളെയും 15 വയസ് കഴിഞ്ഞ കുട്ടികളെയും റിക്രൂട്ട് ചെയ്തു. പണത്തിനും ലഹരിക്കും പുറമേ മത വിശ്വാസത്തെയും ദുരുപയോഗം ചെയ്താണ് റിക്രൂട്ടിങ് നടത്തിയത്. കേരളത്തിലുള്ള നിരവധി പേര്‍ക്ക് ഷെഹ്‌സാദ് ഭാട്ടി സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

യുഎഇയില്‍ നിന്നും കൈകാര്യം ചെയ്യുന്ന ഷെഹ്‌സാദ് ഭാട്ടിയുടെ നാല് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റ, എഫ്ബി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് റിക്രൂട്ടിങ്ങിന് ഉപയോഗിച്ചത്. ലൈക്കും കമന്റും ചെയ്യുന്നവരെ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്. പണത്തിന് ആവശ്യമുള്ളവര്‍, തീവ്രമതവികാരമുള്ളവര്‍, ലഹരി ആവശ്യമുള്ളവര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. അതിനുശേഷം സോഷ്യല്‍ മീഡിയ വഴിതന്നെ ഗ്രനേഡുകളും ബോംബുകളും എറിയാനും വിവിധ കേന്ദ്രങ്ങള്‍ നിരീക്ഷിക്കാനും അവയുടെ ചിത്രങ്ങളും വീഡിയോകളും ലഭ്യമാക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും
പരിശീലനം നല്കി. ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യുവതികളെ ഹണിട്രാപ്പിനായി ഉപയോഗിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ തീവ്രവാദ ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് പണമെത്തിച്ചത്. 5000 മുതല്‍ ഒരുലക്ഷം വരെയുള്ള തുകകളായാണ് കൈമാറിയത്. ഇവര്‍ നല്കിയ വിവരങ്ങളും ദൃശ്യങ്ങളും പാകിസ്ഥാനിലെ ഐഎസ്ഐ - ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് കൈമാറി.

പഞ്ചാബിലെ അതിര്‍ത്തി കേന്ദ്രങ്ങളിലെ യുവാക്കളെയും സ്ത്രീകളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചാണ് സോഷ്യല്‍ മീഡിയ റിക്രൂട്ടിങ് ആരംഭിച്ചത്. പിന്നീട് ഉത്തര്‍പ്രദേശ്, ഹരിയാന, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍, തെലങ്കാന, ഹിമാചല്‍ , ജമ്മുകശ്മീര്‍, കേരളം എന്നിങ്ങനെ 14 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.

പാകിസ്ഥാന്‍ ഐഎസ്ഐ- ജെയ്ഷെ മുഹമ്മദ് ഭീകര സംഘങ്ങള്‍ എത്തിക്കുന്ന പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍, മയക്കുമരുന്നുകള്‍ എന്നിവ അതിര്‍ത്തി കടത്താന്‍ യുവാക്കളെ ഉപയോഗിച്ചു. കേരളത്തിലും പണം കൈപ്പറ്റിയവരും പരിശീലനം ലഭിച്ചവരുമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഭീകരാക്രമണ പദ്ധതി തയാറാക്കിയതിന് പിടിയിലായ 253 പേരില്‍ രണ്ട് പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കേരളത്തിലെ ലഹരി, ഗുണ്ടാ സംഘങ്ങളും ചില വ്ളോഗര്‍മാരും ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഭാട്ടി സംഘത്തിന്റെ വലയിലുണ്ട്.

അതേസമയം,
രാജ്യത്ത് സംഭവിക്കുമായിരുന്ന വലിയൊരു വിപത്താണ് സുരക്ഷാ സേന ഒഴിവാക്കിയത്. രാജ്യത്ത് അട്ടിമറിയും ആക്രമണങ്ങളും നടത്താനുള്ള ഭീകരരുടെ പദ്ധതികള്‍ പരാജയപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് അറിയിച്ചത്. ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമനുസരിച്ചാണ് 14 സംസ്ഥാനങ്ങളിലെ ഏകോപിതമായ നടപടികളിലൂടെ ഭീകരവാദികളുടെ ശൃംഖല തകര്‍ക്കാന്‍ കഴിഞ്ഞത്. ആസാം, ഉത്തര്‍പ്രദേശ്, ഹരിയാന, ദല്‍ഹി, ബീഹാര്‍ പഞ്ചാബ്, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെയാണ് സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്.

ഐഎസ്ഐയുടെ ധനസഹായം ലഭിച്ചിരുന്ന ഈ സംഘത്തില്‍ നിന്ന് ഐഇഡികള്‍, പാക്കിസ്ഥാന്‍ ആയുധ നിര്‍മാണ ശാലയുടെ അടയാളങ്ങളുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച സിസിടിവി ക്യാമറകള്‍ എന്നിവ ഉള്‍പ്പെടെ വന്‍തോതിലുള്ള ആയുധങ്ങളും മറ്റും പിടിച്ചെടുത്തു.

യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഈ സംഘടന പ്രാധാന്യം നല്‍കുന്നത്. ഭാരതത്തിലെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ ശൃംഖലയ്‌ക്ക് രാജ്യത്തുടനീളം നടന്നിട്ടുള്ള ഗ്രനേഡ്, ഐഇഡി, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയുമായി ബന്ധമുണ്ട്. എസ്ബിഎന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സംഘടന പോലീസ്- പ്രതിരോധ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്താനും, ചാരപ്രവര്‍ത്തനത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പ്രദേശ വാസികള്‍ക്ക് പണം നല്‍കുന്നതായും കണ്ടെത്തിയിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വലിയ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരാണ് ഭട്ടി ശൃംഖലയുടെ ഭാഗമായി ഏറ്റവുമൊടുവില്‍ പിടിയിലായത്. ഇവര്‍ പിടിയിലാവാതെ പോയിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് നേര്‍ക്കുണ്ടായ ആക്രമണവും, ബാട്ലഹൗസ് ഏറ്റുമുട്ടലും ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ദല്‍ഹിയില്‍ നടന്നിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇതിന് കുറവുണ്ടായത്. ഇപ്പോള്‍ ഭീകരരെ യഥാസമയം പിടികൂടാന്‍ കഴിഞ്ഞത് സുരക്ഷാ സേനകളുടെ വലിയ നേട്ടമാണ്.

ഭട്ടി ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായത് കേരളത്തില്‍ നിന്നാണ്. ഇവര്‍ എവിടുത്തുകാരാണെന്നോ എവിടെ നിന്നാണ് പിടിയിലായതെന്നോ അറിവായിട്ടില്ല. കര്‍ണാടകയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ടു ഭീകരര്‍ അടുത്തിടെ കൊച്ചിയില്‍ പിടിയിലായിരുന്നു.

പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഭീകര ശൃംഖലയില്‍പ്പെട്ടവരും കേരളത്തില്‍ തമ്പടിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്ക ജനിപ്പിക്കുന്നതാണ്. ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4