breaking news New

BSNL-ൽ നിർണായക മാറ്റങ്ങൾ ; ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെ തിരിച്ചയക്കാനും 100 പുതിയ ജനറൽ മാനേജർമാരെ നിയമിക്കാനും നീക്കം

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്നത് കുറച്ച് ബി.എസ്.എന്‍.എല്ലിന്റെ മാനേജ്മെന്റ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനാണ് ഈ മാറ്റം വരുത്തുന്നത്.

5-ജി സേവനങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഭാവിയിലെ നേതൃത്വ പ്രതിസന്ധി ഒഴിവാക്കാന്‍ സ്ഥാപനത്തിനകത്ത് നിന്നുതന്നെ പുതുതലമുറ ജനറല്‍ മാനേജര്‍മാരെ വളര്‍ത്തിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 4ജി, 5ജി സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെലികോം, ഐ.ടി മേഖലകളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വിദഗ്ധരെയാണ് ബി.എസ്.എന്‍.എല്‍ ഇവിടേക്ക് ക്ഷണിക്കുന്നത്. ഈ പ്രവൃത്തി പരിചയത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം സീനിയര്‍ എക്‌സിക്യുട്ടീവ് അല്ലെങ്കില്‍ ഡി.ജി.എം തസ്തികയില്‍ ജോലി ചെയ്ത പരിചയം നിര്‍ബന്ധമാണ്. ബി.ഇ അല്ലെങ്കില്‍ ബി-ടെക് ബിരുദമുള്ള, പരമാവധി 50 വയസ്സ് പ്രായപരിധിയുള്ള സീനിയര്‍ പ്രൊഫഷണലുകളുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ നിലവില്‍ ബി.എസ്.എന്‍.എല്‍ സമിതി പരിശോധിച്ചു വരികയാണ്.

ബി.എസ്.എന്‍.എല്ലില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് പുറമേ യോഗ്യരായ ബാഹ്യ ഉദ്യോഗാര്‍ഥികള്‍ക്കും ഈ അവസരം ലഭ്യമാണ്. കരാര്‍ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ നടത്തുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം രണ്ടേകാല്‍ ലക്ഷം രൂപ ശമ്പളവും അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനവും ലഭിക്കും. നിലവില്‍ ഐ.ടി.എസ് ഉദ്യോഗസ്ഥര്‍ക്കായി കമ്പനി ചെലവഴിക്കുന്ന ഭീമമായ തുകയെ അപേക്ഷിച്ച് ഇത് ബി.എസ്.എന്‍.എല്ലിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. എന്നാല്‍ നിലവിലുള്ള യോഗ്യരായ ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുന്നതിന് പകരം പുറത്തുനിന്നുള്ളവരെ ഉയര്‍ന്ന തസ്തികകളിലേക്ക് നേരിട്ട് നിയമിക്കുന്ന നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t