ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു.
താഴെത്തട്ടിലുള്ള പല സർക്കാർ ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നിർദേശം അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
ഓരോ ആരോഗ്യ സ്ഥാപനത്തിലെയും ഡോക്ടർമാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കൺസൾട്ടേഷൻ സമയക്രമം തുടങ്ങിയ വിവരങ്ങൾ രോഗികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കണം. വിവരങ്ങളിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ അവ കൃത്യമായ ഇടവേളകളിൽ പുതുക്കുകയും വേണം.
ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുകയും ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം.
പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (വിജിലൻസ്) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ കുറവ്, ഡോക്ടർമാർ കൃത്യസമയത്ത് എത്താത്തത് തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളെ നേരിട്ട് സമീപിക്കാൻ ഇതുവഴി സാധിക്കും.
നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രോഗികൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിലവിൽ ഇക്കാര്യത്തിൽ വീഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവന വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി ലഭ്യമാക്കാൻ നിർദേശം
Advertisement
Advertisement
Advertisement