വായ്‌പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്‌പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
വായ്‌പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ. തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക, സോഷ്യൽ മീഡിയയിലൂടെ സമ്മർദം ചെലുത്തുക, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക തുടങ്ങിയ രീതികൾക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു.
സാധാരണ വ്യക്തിഗത വായ്‌പ, വാഹന വായ്‌പ, ഭവന വായ്‌പ തുടങ്ങിയവയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വായ്‌പദാതാവിന് നിങ്ങളുടെ മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ പ്രവർത്തനരഹിതമാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ, വായ്‌പ ഉപയോഗിച്ച് അതേ ഉപകരണം തന്നെയാണ് വാങ്ങിയതെങ്കിൽ ചില നിബന്ധനകൾക്ക് വിധേയമായി ഉപകരണത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താം.
ഉപകരണത്തിന്റെ ഇ.എം.ഐ തിരിച്ചടവ് മുടങ്ങിയാൽ നിയന്ത്രണം ഉടൻ ഏർപ്പെടുത്താൻ കഴിയില്ല. ഇതിനായി ഘട്ടംഘട്ടമായ നടപടിക്രമമാണ് ആർ.ബി.ഐ നിർദേശിച്ചിരിക്കുന്നത്.
ഇ.എം.ഐ കുടിശ്ശിക 30 ദിവസം തികഞ്ഞിട്ടില്ല എങ്കിൽ ഉപകരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. ഈ ഘട്ടത്തിൽ വായ്‌പദാതാവ് ഉപഭോക്താവിന് ഔദ്യോഗികമായി നോട്ടീസ് നൽകണം. 30 മുതൽ 60 ദിവസം വരെ കുടിശ്ശിക തുടരുകയാണെങ്കിൽ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
60 ദിവസത്തിലധികം കുടിശ്ശികയായാൽ മാത്രമേ പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. ഉപകരണം ലോക്ക് ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ഉപകരണത്തിന്റെ യഥാർഥ നിർമാതാവോ ഓപ്പറേറ്റിങ് സിസ്റ്റം ദാതാവോ സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും ആർ.ബി.ഐ നിർദേശിക്കുന്നു.
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി !!
Advertisement
Advertisement
Advertisement