breaking news New

ഓണക്കാലത്ത് ജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നതെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 5,016 പരിശോധനകൾ നടത്തിയതായി മന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസുകളും 390 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള ശുപാർശ നോട്ടീസുകളും നൽകി. കൂടാതെ 623 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1,899 സർവേലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിനാണ് പ്രത്യേക ശ്രദ്ധ നൽകുന്നത്. ഉൽപ്പന്നങ്ങളുടെ ലേബൽ വിവരങ്ങൾ, നിർമാണ-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം എന്നിവയും പരിശോധനയുടെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടക്കുന്നു.
ഭക്ഷണം തയ്യാറാക്കൽ, പാക്കിങ്, സംഭരണം, വിതരണം എന്നിവയിലെ ശുചിത്വം, താപനില നിയന്ത്രണം, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം, ശരിയായ ലേബലിങ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിലും പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈറ്റ് റൈറ്റ് കേരളം – സേഫ് ഓണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഹോട്ടൽ, കാറ്ററിംഗ്, ബേക്കറി മേഖലകളിലുള്ളവർക്കും മറ്റ് ഭക്ഷ്യസംരംഭകർക്കുമായി പരിശീലനങ്ങളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും എൻഫോഴ്‌സ്‌മെന്റ് നടപടികളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t