breaking news New

രാജ്യത്തെ നവ തലമുറയുടെ ആശങ്കകളും പ്രതിഷേധങ്ങളും തിരിച്ചറിഞ്ഞ് യുവശക്തിക്ക് മുന്‍ഗണന നല്‍കുന്ന വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ 13-ാമത് വട്ടവും ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങളാണ് വെളിപ്പെടുത്തിയത്. 'വന്ദേമാതരം' ഗീതത്തിന്റെ 150-ാം വാര്‍ഷിക വേളയില്‍ ചെങ്കോട്ടയുടെ തട്ടകത്തില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിക്കേട്ട അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നത്.

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന രാജ്യത്തെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായി രാജ്യവ്യാപകമായി സൗജന്യ ഓണ്‍ലൈന്‍ പരിശീലന സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ ഈടാക്കുന്ന ഭീമമായ ഫീസും പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും പരീക്ഷാ സമ്മര്‍ദ്ദങ്ങളും ഗൗരവത്തോടെ കണ്ടാണ് ഈ തീരുമാനം. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും സാമ്പത്തിക ബാധ്യത ഒഴിവാക്കി സ്വന്തം വീടുകളില്‍ ഇരുന്ന് തന്നെ മികച്ച പഠനം ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

ആധുനിക സാങ്കേതിക വിദ്യയില്‍ ഭാരതത്തെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി രാജ്യത്തെ ഒരു കോടി യുവാക്കള്‍ക്ക് കൃത്രിമബുദ്ധി (എ.ഐ.), സെമികണ്ടക്ടര്‍ മേഖലകളില്‍ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരങ്ങളും ഉറപ്പാക്കും. പുതിയ കാലഘട്ടത്തെ നവതലമുറ നയിക്കണമെന്നും, ഡാറ്റാ കേന്ദ്രങ്ങളുടെയും യന്ത്രമനുഷ്യ സാങ്കേതികവിദ്യയുടെയും യുഗത്തില്‍ ഇന്ത്യയെ ലോകത്തിന്റെ മുന്നണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2047-ഓടെ ഇന്ത്യയെ പൂര്‍ണ്ണ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൗത്യത്തില്‍ രാജ്യത്തെ പുതിയ തലമുറയാണ് (ജെന്‍സി) മുന്‍നിരയിലുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 12 വര്‍ഷം മുന്‍പ് ലോക സാമ്പത്തിക രംഗത്ത് ഏറ്റവും ദുര്‍ബലമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലായിരുന്ന ഇന്ത്യ, ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി മാറിയത് ജനങ്ങളുടെ അചഞ്ചലമായ നിര്‍ണ്ണയത്തിന് തെളിവാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയുടെ വരുംകാല വികസനത്തിന്റെ കരുത്തായി ഏഴ് മേഖലകളെ ഏകോപിപ്പിക്കുന്ന 'സപ്ത ധാര' എന്ന പുതിയ നയരേഖയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. നിര്‍മ്മാണ കരുത്ത്, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം, സാങ്കേതികവിദ്യയും കണ്ടെത്തലുകളും, അടിസ്ഥാനസൗകര്യ വികസനം, പ്രതിരോധ രംഗത്തെ ആത്മനിര്‍ഭരത, പരിസ്ഥിതി-സമുദ്ര സമ്പദ്വ്യവസ്ഥ, യോഗയും ആയുര്‍വേദവും ഉള്‍പ്പെടുന്ന സാംസ്‌കാരിക കരുത്ത് എന്നിവയാണ് ഈ ഏഴ് ചാലുകള്‍.

ഊര്‍ജ്ജ സുരക്ഷയിലും ആത്മനിര്‍ഭരതയിലും രാജ്യം വന്‍ മുന്നേറ്റം നടത്തുകയാണെന്ന് പ്രസംഗത്തില്‍ മോദി വിശദീകരിച്ചു. 2047-ഓടെ 100 ജിഗാവാട്ട് ആണവോര്‍ജ്ജ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതിനൊപ്പം ഈ ദശകത്തില്‍ തന്നെ അഞ്ച് പുതിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കും. നൂറ് ശതമാനം തീവണ്ടി വൈദ്യുതീകരണത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈഡ്രജന്‍ തീവണ്ടി ഇന്ത്യ അവതരിപ്പിച്ചതും, സൗരോര്‍ജ്ജ ശേഷി 160 ജിഗാവാട്ടിലേക്ക് ഉയര്‍ത്തിയതും രാജ്യത്തിന്റെ ഊര്‍ജ്ജസ്വയംപര്യാപ്തത ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകമഹാവ്യാധിയും അന്താരാഷ്ട്ര യുദ്ധങ്ങളും സൃഷ്ടിച്ച ആഗോള പ്രതിസന്ധികള്‍ക്കിടയിലും കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാഗ് യൂറിയയ്ക്ക് 3,000 രൂപയോളം വിലവരുമ്പോഴും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കേവലം 300 രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. കര്‍ഷകര്‍ക്ക് മേല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കാതെ ധനസഹായങ്ങള്‍ തുടരുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ സ്വതന്ത്ര വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തണമെന്ന് വ്യാപാരികളോടും ചെറുതും ഇടത്തരവുമായ വ്യവസായ മേഖലയോടും മോദി ആവശ്യപ്പെട്ടു. ലോകത്തിലെ മുന്‍നിര 500 കമ്പനികളുടെ പട്ടികയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ഇടംപിടിക്കണം. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള ആഗോള കായിക വേദികളില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് കൂടുതല്‍ തി തിളങ്ങാന്‍ 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കായിക പ്രതിഭാ തിരച്ചിലും, സുരക്ഷ ശക്തമാക്കാന്‍ ആധുനിക സിവില്‍ ഡിഫന്‍സ് ശൃംഖലയും നടപ്പിലാക്കും.

പ്രസംഗത്തിനിടെ യുവജനങ്ങളില്‍ നിന്ന് ഒരു പ്രധാന സഹായവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) നടപടികളില്‍ ചെറുപ്പക്കാര്‍ സജീവമായി പങ്കാളികളാകണമെന്നും, വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ സ്വന്തം മാതാപിതാക്കളെയും അയല്‍വാസികളെയും സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t