breaking news New

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി !!

തിരുവനന്തപുരം : വിഷയത്തിൽ മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ രംഗത്തെത്തിയെങ്കിലും, ഉയര്‍ന്നുവന്ന കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുന്നു.

ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കാമെന്ന് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ച ആന്റോയുടെ പോസ്റ്റില്‍ നിറയെ വൈരുദ്ധ്യങ്ങളും യുക്തിസഹമല്ലാത്ത വാദങ്ങളുമാണെന്ന് വ്യക്തമാകുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ഈ പോസ്റ്റിലൂടെ ആന്റോ പയറ്റുന്നതെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍.

നാടിന് നാഴികക്കല്ലായി മാറുമായിരുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ സഹായിക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആന്റോ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ട ഒരു പദ്ധതിയാണെങ്കില്‍ അതിന്റെ ഔദ്യോഗിക കരാറുകള്‍ ഒപ്പിടേണ്ടതും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതും സര്‍ക്കാരല്ലേ എന്ന അടിസ്ഥാന ചോദ്യത്തിന് ആന്റോയ്ക്ക് ഉത്തരമില്ല. ഒരു സ്വകാര്യ ചാനല്‍ എന്തിനാണ് സര്‍ക്കാരിന്റെ പേരും പറഞ്ഞ് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകളിലേക്ക് കടന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അദ്ദേഹം തയാറായിട്ടില്ല.

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (AFA) ആര്‍.ബി.സി. (RBC) കരാറിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന ആന്റോ, ആ കരാറിന്റെ സ്വഭാവമെന്തെന്നോ അതിലെ സുതാര്യതയെക്കുറിച്ചോ ഒരക്ഷരം മിണ്ടുന്നില്ല.

വിദേശ ഏജന്‍സിയുമായി കോടികളുടെ കരാറിലെത്തുമ്പോള്‍ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങളോ റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അനുമതിപത്രങ്ങളോ പുറത്തുവിടാന്‍ അദ്ദേഹം തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നല്‍കിയതായി പറയപ്പെടുന്ന 126 കോടി രൂപയുടെ സാമ്പത്തിക സ്രോതസ്സാണ്. ഇത്രയും ഭീമമായ തുക എവിടെനിന്നാണ് ലഭിച്ചതെന്ന് പൊതുസമൂഹത്തോടും അന്വേഷണ ഏജന്‍സികളോടും വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ആന്റോയ്ക്കുമുണ്ട്. ഈ കോടികളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ തയാറാകാത്തതു തന്നെയാണ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണത്തിന് ആക്കം കൂട്ടുന്നത്.

കായികവകുപ്പിന് മുന്നില്‍ ഈ പദ്ധതി ആശയം ആദ്യം വെച്ച 'ഗോട്ട് ആഡ്' (Goat Ad) എന്ന കമ്പനിയുമായി ആര്‍.ബി.സിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആന്റോയുടെ മറ്റൊരു വാദം. എങ്കില്‍ ഗോട്ട് ആഡിന്റെയും ആര്‍.ബി.സിയുടെയും ഔദ്യോഗിക ഓഫീസുകള്‍ എങ്ങനെയാണ് ഒരേ കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

കായിക സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരമാര്‍ശിക്കുന്നുണ്ട്. നിയമപരമായ ടെന്‍ഡറുകളോ സുതാര്യമായ പരസ്യങ്ങളോ ഇല്ലാതെയാണ് റിപ്പോര്‍ട്ടര്‍ ടി.വി. ഈ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. മുന്‍കാലങ്ങളില്‍ മുട്ടില്‍ മരംമുറി കേസ്, മാഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ അനവധി സാമ്പത്തിക-ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയില്‍വാസം വരെ അനുഭവിച്ചിട്ടുള്ള വ്യക്തി ഉള്‍പ്പെട്ട കമ്പനിക്ക് സര്‍ക്കാരിന്റെ തണലില്‍ ഇത്ര വലിയ സാമ്പത്തിക ഇടപാടിന് കളമൊരുങ്ങിയത് എങ്ങനെയെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ രേഖകള്‍ സഹിതം മറുപടി നല്‍കുന്നതിന് പകരം വൈകാരികമായ വര്‍ത്തമാനങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നത് കുറ്റസമ്മതത്തിന് തുല്യമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര വിദേശ നാണയ വിനിമയച്ചട്ടം (FEMA) ലംഘിച്ചുകൊണ്ട് വിദേശത്തേക്ക് ഫണ്ട് അയച്ചോ എന്ന കാര്യത്തില്‍ എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണ് ഈ ഇടപാടുകളിലുണ്ട്. ഇതിനകം തന്നെ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നികുതിവെട്ടിപ്പ് കേസ് നിലനില്‍ക്കെ, ഈ പുതിയ കോടികളുടെ ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

അര്‍ജന്റീന ടീമും മെസ്സിയും കേരളത്തില്‍ വരില്ലെന്നും ഇടപാടുകള്‍ തികച്ചും ദുരൂഹമാണെന്നും കാണിച്ച് സംസ്ഥാന പോലീസ് നേരത്തെ തന്നെ അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം ചാനലിന്റെ റേറ്റിങ്ങിനും ബ്രാന്‍ഡ് പ്രമോഷനും വേണ്ടി കായികപ്രേമികളുടെ വികാരം ചൂഷണം ചെയ്യുകയായിരുന്നു എന്ന അന്വേഷണ കണ്ടെത്തലുകളെ പ്രതിരോധിക്കാന്‍ ആന്റോയ്ക്ക് കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, നിയമപരമായ കടമ്പകളും അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളും മുറുകുമ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള അവസാന ശ്രമമാണ് ആന്റോ അഗസ്റ്റിന്റെ വെല്ലുവിളി പോസ്റ്റ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും 126 കോടിയുടെ സ്രോതസ്സും വ്യക്തമാക്കാത്തിടത്തോളം കാലം ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വെറുമൊരു അഭ്യാസമായി മാത്രം ശേഷിക്കും. വരും ദിവസങ്ങളില്‍ വിജിലന്‍സ് അന്വേഷണം ക്രമപ്രകാരം മുന്നോട്ടു പോകുന്നതോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t