breaking news New

ഓണത്തോട് അനുബന്ധിച്ച് പൊതുവിതരണ ശൃംഖല വഴി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ മുന്നണികള്‍ തമ്മില്‍ രൂക്ഷമായ രാഷ്ട്രീയ പോര്

കഴിഞ്ഞ ഓണക്കാലത്ത് വില കുറച്ചു അരി വിതരണം ചെയ്ത സര്‍ക്കാര്‍, ഇത്തവണ റേഷന്‍ കടകള്‍ വഴി ഉയര്‍ന്ന വിലയ്ക്കാണ് ധാന്യം നല്‍കുന്നതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. എന്നാല്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അരിക്ക് പകരം കേന്ദ്രത്തോട് ഗോതമ്പ് ആവശ്യപ്പെട്ടതാണ് നിലവിലെ അരിവിഹിതം കുറയാന്‍ കാരണമായതെന്നാണ് ഭക്ഷ്യവകുപ്പ് മറുപടി നല്‍കി. മുന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും നിലവിലെ മന്ത്രി അനൂപ് ജേക്കബും തമ്മിലാണ് വിഷയത്തില്‍ പരസ്യമായ വാക്‌പോര് നടക്കുന്നത്.

കഴിഞ്ഞ ഓണക്കാലത്ത് വെള്ള കാര്‍ഡിന് 10.90 രൂപ നിരക്കില്‍ 15 കിലോ അരിയും നീല കാര്‍ഡിന് 10 കിലോയും പിങ്ക് കാര്‍ഡിന് അഞ്ച് കിലോ വീതവും അരി നല്‍കിയിരുന്ന സ്ഥാനത്ത് ഇത്തവണ വിഹിതം ഏഴും മൂന്നും കിലോയായി വെട്ടിക്കുറച്ചുവെന്ന് ജി.ആര്‍ അനില്‍ കുറ്റപ്പെടുത്തി. പിങ്ക് കാര്‍ഡുടമകള്‍ക്ക് ഇത്തവണ സ്പെഷ്യല്‍ അരി നല്‍കുന്നില്ലെന്നും പകരം 26 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഓണക്കാലത്ത് അരിയുടെ അളവ് കുറയ്ക്കുകയും വില വര്‍ദ്ധിപ്പിക്കുകയുമാണ് നിലവിലെ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മന്ത്രി അനൂപ് ജേക്കബ്, പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണെന്ന് വ്യക്തമാക്കി. നിലവിലെ റേഷന്‍ വിതരണത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, മഞ്ഞ കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞ തവണത്തേതുപോലെ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യ ഓണക്കിറ്റും മാറ്റമില്ലാതെ നല്‍കുന്നുണ്ടെന്ന് അറിയിച്ചു. കൂടാതെ നീല, പിങ്ക്, വെള്ള കാര്‍ഡുടമകള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ആട്ടയും ഗോതമ്പും കുറഞ്ഞ നിരക്കിലുള്ള അരിയും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നീല കാര്‍ഡിന് മൂന്ന് കിലോ അരി 10.90 രൂപയ്ക്കും വെള്ള കാര്‍ഡിന് ഏഴ് കിലോ അരിയും നാല് കിലോ ആട്ടയും രണ്ട് കിലോ ഗോതമ്പും നല്‍കുന്നതിനൊപ്പം 26 രൂപ നിരക്കില്‍ 10 കിലോ അരി അധികമായി നല്‍കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതത്തിലുണ്ടായ മാറ്റമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ജനുവരി മുതല്‍ കേന്ദ്ര വിഹിതത്തില്‍ 6459 മെട്രിക് ടണ്ണിന്റെ കുറവുണ്ടായിട്ടുണ്ട്. മുന്‍പ് ലഭിച്ചിരുന്ന 33,294 മെട്രിക് ടണ്‍ അരിക്ക് പകരം ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6459 മെട്രിക് ടണ്‍ ഗോതമ്പുമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. മുന്‍ സര്‍ക്കാര്‍ ഗോതമ്പ് വിഹിതം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് അരിയുടെ അളവ് കുറഞ്ഞത്.

വിഷുക്കാലത്ത് അവശേഷിച്ച സ്റ്റോക്കില്‍ നിന്ന് പ്രത്യേക അരി നല്‍കിയതിനാല്‍ നിലവില്‍ ഓണത്തിനുള്ള സ്റ്റോക്ക് പരിമിതമാണെങ്കിലും, കേന്ദ്രവിഹിതം കുറഞ്ഞതിനനുസരിച്ച് ഈ മാസം 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണത്തിനായി ലഭ്യമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t