breaking news New

ഓണക്കാല വിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ ഒഴുക്ക് ; തമിഴ്നാട് മാഫിയ സജീവം !!

വെളിച്ചെണ്ണയ്ക്ക് നിലവില്‍ ഉയര്‍ന്ന വിലയുള്ളതിനാല്‍, പ്രത്യേക ഓഫര്‍ എന്ന വ്യാജേന വില കുറച്ച് മായം ചേര്‍ത്ത വെളിച്ചെണ്ണ വിറ്റഴിക്കാനാണ് സംഘത്തിന്റെ നീക്കം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുന്നവരെ സ്വാധീനിച്ച് സബ്സിഡി വിപണിയില്‍ പോലും ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ തിരുകിക്കയറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി വിവരമുണ്ട്.

കേരളത്തില്‍ നിലവില്‍ ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് 17,000 രൂപയോളമാണ് വില. ഇത് ആട്ടിയെടുക്കുമ്പോള്‍ ഏകദേശം 66 ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കും. ലിറ്ററിന് 280 രൂപ നിരക്കില്‍ വിറ്റാല്‍ ഉത്പാദനച്ചെലവ് പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. കുറഞ്ഞത് 310 മുതല്‍ 320 രൂപയ്‌ക്കെങ്കിലും വിറ്റാലേ പ്രാദേശിക ഉത്പാദകര്‍ക്ക് നേരിയ ലാഭമെങ്കിലും ലഭിക്കൂ. ഈ പ്രതിസന്ധിയാണ് തമിഴ്നാട് ലോബി മുതലെടുക്കുന്നത്. ഗുണനിലവാരം കുറഞ്ഞ കൊപ്ര കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതും, ലായകങ്ങള്‍ ഉപയോഗിച്ച് മായം ചേര്‍ക്കുന്നതുമാണ് കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ എത്തിക്കാന്‍ ഇവരെ സഹായിക്കുന്നത്.

ലിറ്ററിന് 240 മുതല്‍ 280 രൂപ വരെ നിരക്കില്‍ വെളിച്ചെണ്ണ വ്യാപാരികള്‍ക്ക് ലഭിക്കും. ആകര്‍ഷകമായ കേരളീയ പേരുകളിലുള്ള പൗച്ചുകളില്‍ വെളിച്ചെണ്ണ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇവര്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ അനധികൃത കച്ചവടത്തിന് വഴിയൊരുക്കുന്നതില്‍ പ്രധാനം രാജ്യത്തേക്കുള്ള തേങ്ങാപ്പിണ്ണാക്കിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 337 കോടി രൂപ മൂല്യമുള്ള 1.72 ലക്ഷം ടണ്‍ പിണ്ണാക്കാണ് ഇറക്കുമതി ചെയ്തത്. വെളിച്ചെണ്ണയുടെ അംശം നിലനിര്‍ത്തി ഇറക്കുമതി ചെയ്യുന്ന ഇത്തരം പിണ്ണാക്കില്‍ നിന്ന് ലായകങ്ങള്‍ ഉപയോഗിച്ച് വീണ്ടും വെളിച്ചെണ്ണ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ വെളിച്ചെണ്ണയാണ് വ്യാപകമായി മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതെന്ന് കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെളിച്ചെണ്ണ ഇറക്കുമതിക്ക് 35 ശതമാനം തീരുവ നല്‍കേണ്ട സ്ഥാനത്ത് പിണ്ണാക്കിന് 15 ശതമാനം മാത്രം നല്‍കിയാല്‍ മതിയെന്നതാണ് മാഫിയ സംഘങ്ങള്‍ മുതലെടുക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വെളിച്ചെണ്ണ ഒളിച്ചുകടത്താനുള്ള എളുപ്പവഴിയായി ഇത് മാറിയിരിക്കുന്നു. വരും ദിവസങ്ങളില്‍ തമിഴ്നാട് ലോബിയുടെ ആകര്‍ഷകമായ ഓഫറുകളില്‍ വീഴാതെ, ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം വെളിച്ചെണ്ണ വാങ്ങാന്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t